രാജ്ഭവനിലെ ഭാരതാംബ വിവാദം: ഗവര്‍ണക്ക് എതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി സിപിഐ എം.പി സന്തോഷ് കുമാര്‍

Governor

ന്യൂഡല്‍ഹി: രാജ്ഭവനില്‍ കാവിക്കൊടിയുമായുള്ള ഭാരതാംബ ചിത്രം സ്ഥാപിച്ച സംഭവത്തില്‍ ഗവര്‍ണക്ക് എതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി സിപിഐ. പരാതിയില്‍ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്നാണ് സിപിഐയുടെ ആവശ്യം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ ആവര്‍ത്തിച്ച് അധികാരം ദുരുപയോഗം ചെയ്യുന്നതിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണറുടെ അധികാരം തുടര്‍ച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ ഗുരുതരമായ ആശങ്കയുണ്ടെന്നും പരാതിയില്‍ സന്തോഷ് കുമാര്‍ എം പി ചൂണ്ടിക്കാണിച്ചു.Governor

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമായി കൂടിയാലോചിക്കാതെ കാവിക്കൊടിയുമായുള്ള ഭാരതാംബ ചിത്രം ഏകപക്ഷീയമായി സ്ഥാപിച്ചത് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദിനെ പരിപാടി ബഹിഷ്‌കരിക്കാന്‍ നിര്‍ബന്ധിതനാക്കി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ആവര്‍ത്തിച്ച് രാഷ്ട്രീയ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയും, രാജ്ഭവനുകളെ ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്ര കേന്ദ്രങ്ങളാക്കി മാറ്റുകയും, ഭരണഘടനാ മാനദണ്ഡങ്ങള്‍, ഫെഡറല്‍ തത്വങ്ങള്‍, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ തീരുമാനങ്ങള്‍ അവഗണിക്കുകയും ചെയ്യുന്ന രീതിക്ക് പല തവണയായി സാക്ഷ്യം വഹിക്കുന്നുന്നുണ്ടെന്നും പരാതിയില്‍ അദ്ദേഹം വ്യക്തമാക്കി. ഇത്തരം നടപടികള്‍ വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതും ഗവര്‍ണര്‍ പദവിയ്ക്ക് നല്‍കിയിരിക്കുന്ന ഭരണഘടനാ പരിധികളുടെ കടുത്ത ലംഘനത്തിന് തുല്യവുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനാ മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ഫെഡറല്‍ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്തതിന് കേരള ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര അര്‍ലേക്കറെ ഉടന്‍ തിരിച്ചുവിളിക്കണമെന്നും രാഷ്ട്രപതിക്ക് നല്‍കിയ പരാതിയില്‍ സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയമോ വിഭാഗീയമോ ആയ ആവശ്യങ്ങള്‍ക്കായി ദേശീയ ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലൂടെ, 1950-ലെ ചിഹ്നങ്ങളും പേരുകളും (അനുചിതമായ ഉപയോഗം തടയല്‍) നിയമത്തെയും, 1971-ലെ ദേശീയ ബഹുമതിയെ അപമാനിക്കല്‍ തടയല്‍ നിയമത്തെയും ലംഘിക്കുന്നുവെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. സമീപകാലത്ത് വിഭജന രാഷ്ട്രീയത്തിന് കുപ്രസിദ്ധമായ ഒരു സംഘടന ഭാരത് മാതയുടെ ചിഹ്നത്തില്‍ മാറ്റം വരുത്തി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. വിവാദപരമായ അത്തരം ചിഹ്നങ്ങള്‍ ഇപ്പോള്‍ ഔദ്യോഗിക ചടങ്ങുകളിലും പൊതു സ്ഥാപനങ്ങളിലും അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് നമ്മുടെ സമൂഹത്തെ കൂടുതല്‍ ധ്രുവീകരിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

സഹകരണ ഫെഡറലിസം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശ തത്വമായിരിക്കേണ്ട ഒരു സമയത്ത് ഗവര്‍ണര്‍മാരുടെ ഇത്തരം പ്രകോപനങ്ങള്‍ പൊതുജനവിശ്വാസം ഇല്ലാതാക്കുകയും അവര്‍ വഹിക്കുന്ന ഓഫീസിന് കളങ്കം വരുത്തുകയും ചെയ്യുന്നുവെന്നും പരാതി ചൂണ്ടിക്കാണിക്കുന്നു. ഈ പ്രവണത ഗൗരവമായി കാണാനും ഗവര്‍ണര്‍മാര്‍ അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും പരാതിയില്‍ സിപിഐ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. കേരള ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര ആര്‍ലേക്കര്‍ പക്ഷപാതപരവും ഭരണഘടനാ വിരുദ്ധവുമായ രീതിയില്‍ പരസ്യമായി പ്രവര്‍ത്തിച്ചുകൊണ്ട് ഓഫീസിന്റെ അന്തസ്സ് കുറച്ചുകാണിച്ചു. അതിനാല്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്ഭവനുകള്‍ പ്രത്യയശാസ്ത്ര ശാഖകളല്ലെന്നും നിഷ്പക്ഷവും ഭരണഘടനാപരവുമായ ഇടങ്ങളായി തുടരണമെന്നും പരാതി ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഷയത്തില്‍ രാഷ്ട്രപതിയുടെ അടിന്തര ഇടപെടല്‍ അനിവാര്യമാണെന്നും പരാതിയില്‍ സന്തോഷ് കുമാര്‍ എം പി വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *