‘വിശ്വസ്തരായ പ്രവർത്തകരെ ബിജെപി അവഗണിക്കുന്നു’; മോദിയുടെ പേരിൽ ക്ഷേത്രം നിർമിച്ച നേതാവ് പാർട്ടി വിട്ടു

BJP

മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിൽ കലഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ക്ഷേത്രം പണിതയാൾ ബിജെപിയിൽനിന്ന് രാജിവെച്ചു. ശ്രീ നമോ ഫൗണ്ടേഷന്റെ മായുർ മുണ്ഡെയാണ് പാർട്ടിയിൽനിന്ന് രാജിവെച്ചത്. സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. 2021ലാണ് ഇദ്ദേഹം ഔന്ദ് എന്ന സ്ഥലത്ത് മോദിയുടെ പേരിൽ ക്ഷേത്രം പണിതത്.BJP

പൂണെ മേഖലയിലെ കൊത്രൂഡിലെയും ഖഡക്വാസ്‍ലയിലെയും സിറ്റിങ് എംപിമാർ സ്ഥാനാർഥി പ്രകിയ അട്ടിമറിക്കുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നു. കൂടാതെ ശിവാജി നഗർ എംഎൽഎ സിദ്ധാർഥ് ശിരോലെ വിശ്വസ്തരായ പാർട്ടി പ്രവർത്തകരെ അവഗണിക്കുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്. സിദ്ധാർഥ് ശിരോലെക്കെതിരെ കടുത്ത ആരോപണങ്ങളാണ് മായുർ മുണ്ഡെ ഉന്നയിക്കുന്നത്. ‘പാർട്ടിയുടെ വിശ്വസ്ത പ്രവർത്തകനായി ഞാൻ വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. വിവിധ തസ്തികകളിലായി പാർട്ടി പ്രവർത്തനം ആത്മാർഥമായി ചെയ്തു. എന്നാൽ, വിശ്വസ്തരായ പാർട്ടി പ്രവർത്തകരെ ബിജെപി അവഗണിക്കുകയാണ്. മറ്റു പാർട്ടികളിൽനിന്ന് രാജിവെച്ച് വരുന്നവർക്കാണ് അവർ മുൻഗണന നൽകുന്നത്’ -മുണ്ഡെ ആരോപിക്കുന്നു.

എംഎൽഎമാർ സ്വന്തം പിന്തുണ വർധിപ്പിക്കാനാണ് ഭാരവാഹികളെ നിയമിക്കുന്നത്. മറ്റു പാർട്ടിക്കാർക്ക് വിവിധ സ്ഥാനമാനങ്ങൾ നൽകുകയാണ്. മുൻ ഭാരവാഹികളെ അപമാനിക്കുന്നു. അവരെ പാർട്ടി യോഗങ്ങളിലേക്ക് ക്ഷണിക്കുന്നില്ല. അവരുടെ അഭിപ്രായങ്ങൾ അവഗണിക്കുന്നു. അവർ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഭാഗമാകുന്നില്ല. മറ്റു പാർട്ടികളിൽനിന്ന് ബിജെപിയിൽ ചേർന്നവരുടെ പ്രദേശങ്ങളിലാണ് സിറ്റിങ് എംഎൽഎ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിശ്വസ്തരായ പാർട്ടി പ്രവർത്തകരുടെ പ്രദേശങ്ങളിൽ വികസനമെത്തുന്നില്ലെന്നും മുണ്ഡെ ആരോപിച്ചു.

പാർട്ടിയുടെ എല്ലാ സ്ഥാനമാനങ്ങളും താൻ രാജിവെക്കുകയാണ്. താൻ പ്രധാനമന്ത്രി മോദിയുടെ ഉറച്ച അനുയായിയാണ്. അദ്ദേഹത്തിന് വേണ്ടി ദീർഘകാലം പ്രവർത്തിച്ചു. എന്നാൽ തങ്ങളെപ്പോലുള്ള ആളുകൾക്ക് ഈ പാർട്ടിയിൽ ഒരു സ്ഥാനവുമില്ല. അതിനാൽ പാർട്ടിയിൽനിന്ന് രാജിവെക്കുകയാണെന്നും മുണ്ഡെ വ്യക്തമാക്കി. രാജിക്കത്ത് മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, സംസ്ഥാന, ദേശീയ അധ്യക്ഷർ എന്നിവർക്കും അയച്ചിട്ടുണ്ട്.

കോത്രഡ് മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ ആഗ്രഹിക്കുന്ന ബിജെപി നേതാവും മുൻ കോർപറേഷൻ അംഗവുമായ അമൽ ബൽവാദ്കറും നേതൃത്വത്തിനെതിരെ രംഗത്തുവന്നു. മത്സരിക്കാനുള്ള ആഗ്രഹം പങ്കുവച്ചപ്പോൾ നേതൃത്വം അവഗണിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന മന്ത്രി ചന്ദ്രകാന്ത് പാട്ടീലാണ് കോത്രഡിലെ സിറ്റിങ് എംഎൽഎ.

‘രണ്ട് മാസം കഴിഞ്ഞു. ഞാൻ സംഘടിപ്പിക്കുന്ന ഒരു ചടങ്ങിലും ബിജെപി നേതാക്കൾ എന്നോടൊപ്പം വേദി പങ്കിടാറില്ല. അവർ ബോധപൂർവം ചെയ്യുന്നതാണിത്. ഇതുവരെ ഞാൻ അത് അവഗണിച്ചു. അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിൽ അനുഭാവികളോട് തങ്ങളുടെ സ്ഥാനാർഥികളെ നിർദേശിക്കാൻ പറഞ്ഞിരുന്നു. എന്നാൽ, ഞാൻ അവസാനനിമിഷം വരെയും ഇരുട്ടിൽ തപ്പുകയായിരുന്നു. എന്റെ അനുയായികൾ യോഗത്തിന് വരുന്നി​ല്ലെന്ന് മന്ത്രി പാട്ടീലിനെ പിന്തുണക്കുന്നവർ ഉറപ്പുവരുത്തി. അവിടെ ഉണ്ടായിരുന്ന ചുരുക്കം ചിലരോട് എന്റെ പേര് പറയരുതെന്നും ആവശ്യപ്പെട്ടു’ -അമൽ ബൽവാദ്കർ പറഞ്ഞു.

മുൻ കോർപറേഷൻ അംഗവും ബിജെപി നേതാവുമായ പ്രസന്ന ജഗ്ദാപും സമാനമായ രീതിയിലുള്ള ആരോപണം ഉന്നയിക്കുന്നുണ്ട്. ഖഡക്വാസ്‍ല എംഎൽഎ ഭീംറാവു തപ്കിറിനെതിരെയാണ് ആരോപണം. ‘അവലോകന യോഗത്തെക്കുറിച്ച് അവസാന നിമിഷം എസ്എംഎസ് വഴിയാണ് അറിയുന്നത്. എന്റെ പേര് യോഗത്തിൽ ഉയർന്നുവരുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബോധപൂർവ ശ്രമങ്ങളാണ് നടന്നത്. എ​ന്നെ സംസാരിക്കാനും അനുവദിച്ചില്ല’ -ഖഡക്വാസ്‍ലയിൽനിന്ന് മത്സരിക്കാൻ ആഗ്രഹിക്കുന്ന പ്രസന്ന വ്യക്തമാക്കി. അതേസമയം, പരസ്യപ്രസ്താവനകൾ പാടില്ലെന്ന് ബിജെപി നേതൃത്വം നേതാക്കൾക്കും അണികൾക്കും നൽകിയതായാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാളയത്തിലെ പട ബിജെപിക്ക് തലവേദനയാകുന്നുണ്ട്. ബിജെപി നേതാവും മുൻ മന്ത്രിയുമായ ഹർഷവർധന്‍ പാട്ടീൽ ശരത് പവാറിന്‍റെ എന്‍സിപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പവാറുമായുള്ള കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പാട്ടീൽ ബിജെപി വിടാനുള്ള തീരുമാനം അനുഭാവികളെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *