മധ്യ കേരളത്തിൽ സ്വാധീനം വർധിപ്പിക്കാൻ ബി.ജെ.പി: മണ്ഡലം പിടിക്കാൻ ജോർജ് കുര്യനെ കളത്തിലിറക്കി



ന്യൂഡൽഹി: കാഞ്ഞിരപ്പള്ളിയിലെ ബി.ജെ.പി സ്ഥാനാർഥി കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ നാളെ കേരളത്തിലെത്തി മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.

കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർഥിത്വം പാർട്ടി ഏൽപ്പിച്ച ദൗത്യമാണെന്നും സന്തോഷത്തോടെ അത് ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കാഞ്ഞിരപ്പള്ളിയിൽ ബി.ജെ.പിക്ക് അനുകൂല സാഹചര്യമാണ്. തനിക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വേണം. കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെയാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സാഹചര്യം നിലനിൽക്കുന്നത് ഇന്ത്യയിലാണെന്നും അത് സംരക്ഷിക്കാൻ ബി.ജെ.പിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. മധ്യ കേരളത്തിൽ സ്വാധീനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബി.ജെ.പി നീക്കത്തിന്റെ ഭാഗമാണ് കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യനെ രംഗത്തിറക്കിയത്. ക്രൈസ്തവ മേഖലകളിൽ പാർട്ടിക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര നേതൃത്വം.

ഇന്ന് ഉച്ചയോടെയാണ് ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. 47 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബാക്കി സീറ്റികളിലേക്കുള്ള സ്ഥാനാർഥികളെ നാളെയും അടുത്ത ദിവസങ്ങളുമായി പ്രഖ്യാപിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.