ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി തേരോട്ടം; രാജസ്ഥാനും ഛത്തീസ്ഗഢും തിരിച്ചുപിടിച്ചു, മധ്യപ്രദേശിൽ വൻ ഭൂരിപക്ഷം
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ മുന്നേറ്റം. രാജസ്ഥാനും ഛത്തീസ്ഗഡും പിടിച്ചെടുത്ത ബി.ജെ.പി, മധ്യപ്രദേശ് നിലനിർത്തി.
തെലങ്കാനയിൽ അധികാരം പിടിച്ചെടുക്കാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. ലോക്സഭ പടിവാതിൽക്കൽ നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും കരുത്തേകുന്നതാണ് ജനവിധി. ഛത്തീസ്ഗഡും മധ്യപ്രദേശും കൈവിട്ടത് കോൺഗ്രസിന് വെല്ലുവിളിയാണ്.
കോൺഗ്രസിന്റെ ദേശീയനേതൃത്വത്തിന്റെ നിലപാടിനേറ്റ തിരിച്ചടിയാണ് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും തെരഞ്ഞെടുപ്പ് ഫലം. നേതൃത്വത്തിന് വഴങ്ങാത്ത സംസ്ഥാന നേതാക്കളുമായി മത്സരത്തിനിറങ്ങിയ കോൺഗ്രസിനെ ജനങ്ങൾ കൈവിടുകയായിരുന്നു. രാഷ്ട്രീയതാത്പര്യത്തിനുപരിയായി നേതാക്കൻമാർ പ്രകടിപ്പിച്ച വ്യക്തിതാത്പര്യങ്ങളാണ് ഇരു സംസ്ഥാനങ്ങളിലെയും തിരിച്ചടിയുടെ കാരണം.
പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് നേരിട്ട തോൽവി വിരൽ ചൂണ്ടുന്നത് നേതൃത്വത്തിന്റെ പിടിപ്പുകേടിലേക്കാണ്. കൈയിലുണ്ടായിരുന്ന രാജസ്ഥാൻ നഷ്ടപ്പെട്ടതിനു പുറമെ മധ്യപ്രദേശിൽ കണക്കുകൂട്ടിയ മുന്നേറ്റവും കോൺഗ്രസിന് സാധിച്ചില്ല.
നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. ഇതിൽ മിസോറമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ആറുമാസത്തിനകം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന തിരഞ്ഞെടുപ്പിൽ വിജയം ആർക്കൊപ്പമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. മധ്യപ്രദേശിൽ 230. ഛത്തീസ്ഗഡിൽ 90, തെലങ്കാന 119, രാജസ്ഥാൻ 199 സീറ്റുകളിലേക്കാണ് ജനവിധി. BJP won Rajasthan , Chhattisgarh and Madhya Pradesh