മഹാരാഷ്ട്രയില്‍ ബിജെപിയുടെ കുതിപ്പ്; മഹായുതി സഖ്യത്തിന് മുന്നേറ്റം

BJP's surge in Maharashtra; Mahayuti alliance gains momentum

 

മുംബൈ: മഹാരാഷ്ട്രയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി കുതിപ്പ് തുടരുകയാണ്. ആദ്യ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം 216 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തിന്‍റെ ലീഡ് 59 സീറ്റിലേക്ക് ചുരുങ്ങി. 13 ഇടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു.

മഹാരാഷ്ട്രയില്‍ 288 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 145 സീറ്റുകളാണ് വേണ്ടത്. ലീഡില്‍ കേവലഭൂരിപക്ഷവും കടന്ന് ബിജെപി-ശിവസേന( ഷിന്‍ഡെ)-എന്‍സിപി(അജിത് പവാര്‍) സഖ്യത്തിന്റെ മഹായുതി മുന്നണി കുതിക്കുകയാണ്. കര്‍ഷക മേഖലയായ വിദര്‍ഭയിലെ 62 സീറ്റില്‍ 40 ഇടത്തും ബിജെപി സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോലെ തുടങ്ങിയ പ്രമുഖ ബിജെപി നേതാക്കളുടെ നാടാണ് വിദർഭ. ഫഡ്‌നാവിസ് നാഗ്പൂർ സൗത്ത്-വെസ്റ്റ് മണ്ഡലത്തിൽ നിന്നും നാനാ പടോലെ സകോലിയിൽ നിന്നുമാണ് മത്സരിക്കുന്നത്.

സംസ്ഥാന ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന വിദർഭയിൽ ദലിത്, മറാത്ത, കുന്‍ബി, മുസ്‍ലിം സമുദായങ്ങളുടെ ഗണ്യമായ ജനസംഖ്യയും ഉണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഭരണകക്ഷിയെ ആക്രമിക്കാൻ പ്രതിപക്ഷം എംവിഎ സംവരണം, എംഎസ്പി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചിരുന്നു.

പാർട്ടിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ നാരായൺ റാണെയുടെ മകനും ബിജെപിയുടെ നിതേഷ് റാണെ കനകവ്‌ലിയിൽ 15,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുന്നിലാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം ആദ്യ ലീഡുകളിൽ മുന്നേറുമ്പോൾ, യഥാർഥ സേന ഏതെന്ന് തെളിയിക്കാനുള്ള പോരാട്ടത്തിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള പാർട്ടിയെ അട്ടിമറിച്ചതായിട്ടാണ് കാണുന്നത്. ഈ വർഷമാദ്യം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ഷിൻഡേ സേന മത്സരിച്ച 15 സീറ്റുകളിൽ ഏഴിലും വിജയിച്ചിരുന്നു. 21 സീറ്റിൽ ഒമ്പത് സീറ്റുകൾ നേടിയ താക്കറെയെ അപേക്ഷിച്ച് മികച്ച സ്‌ട്രൈക്ക് റേറ്റ് നേടിയിരുന്നു.

മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ അജിത് പവാര്‍, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും ലീഡ് ചെയ്യുകയാണ്. അതേസമയം മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെയുടെ മകൻ അമിത് താക്കറെ മാഹിം മണ്ഡലത്തില്‍ പിന്നിലാണ്.

അതേസമയം ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് ആശങ്ക പ്രകടിപ്പിച്ചു. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അദാനിയും ഫലങ്ങളിൽ കൃത്രിമം കാണിക്കുന്നുവെന്ന് റാവത്ത് ആരോപിച്ചു. ”നിങ്ങൾക്ക് മഹാ വികാസ് അഘാഡിക്ക് (എംവിഎ) 75 സീറ്റുകൾ പോലും നൽകാൻ കഴിയുന്നില്ലെങ്കിൽ, ഈ ഫലങ്ങൾ സംശയാസ്പദമാണ്. ഏകനാഥ് ഷിൻഡെയ്ക്ക് 56 സീറ്റുകളിലും അജിത് പവാറിന് 20 ൽ കൂടുതൽ സീറ്റുകളിലും ലീഡ് ചെയ്യുക അസാധ്യമാണ്. ഇത് മഹാരാഷ്ട്രയിലെ ജനങ്ങളുടെ വിധിയാണെന്ന് ഞാന്‍ അംഗീകരിക്കുന്നില്ല. അവരുടെ ഹൃദയം എവിടെയായിരുന്നുവെന്ന് എനിക്കറിയാം” റാവത്ത് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *