ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനും അർജന്‍റീനക്കും തോല്‍വി
ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിനും അർജന്‍റീനക്കും കാലിടറി. യുറുഗ്വേയെ നേരിട്ട അർജന്‍റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റപ്പോൾ ബ്രസീൽ കൊളംബിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോറ്റു.
യോഗ്യതാ മത്സരങ്ങളിൽ ഇതുവരെ തോൽവി അറിയാതെ മുന്നേറുകയായിരുന്നു അർജന്‍റീന. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെ തോൽപ്പിച്ച ആത്മവിശ്വാസവുമായാണ് യുറുഗ്വായ് അർജന്‍റീനയെ നേരിടാനിറങ്ങിയത് … 41ാം മിനിറ്റില്‍ റൊണാൾഡ് അറൌഹോ യും 87 ാം മിനിറ്റില്‍ ഡാർവിൻ ന്യൂനസുമാണ് യുറുഗ്വേക്ക് വേണ്ടി ഗോൾ നേടിയത് .
കൊളംബിയയെ നേരിട്ട ബ്രസീൽ ആദ്യ പകുതി ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് തോൽവി വഴങ്ങിയത് . ഗബ്രിയേൽ മാർട്ടിനെല്ലി നാലാം മിനുട്ടിൽ തന്നെ ഗോൾ നേടി ബ്രസീലിനെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ലൂയിസ് ഡയസ് 75 ാം മിനിറ്റിലും 79ാം മിനിറ്റിലും തിരിച്ചടിച്ചു.
തോൽവിയോടെ ബ്രസീൽ പോയിന്‍റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു . തോൽവി വഴങ്ങിയെങ്കിലും അർജന്‍റിന തന്നെയാണ് 12 പോയിന്‍റുമായി ടേബിളിൽ ഒന്നാം സ്ഥാനത്ത് … 10 പോയിന്റുള്ള യുറുഗ്വേ രണ്ടാം സ്ഥാനത്താണ് . അടുത്ത മത്സരത്തിൽ ബ്രസീലാണ് അർജന്റീനയുടെ എതിരാളികൾ. അതേസമയം യുറോ കപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗലും ജയിച്ചു. ലിക്റ്റൻസ്റ്റെനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ തോൽപ്പിച്ചത് . ക്രിസ്റ്റ്യാനോ റൊണാൾഡോയും ജാവോ കാൻസല്ലോയുമാണ് പോർച്ചുഗലിന് വേണ്ടി ഗോൾ നേടിയത്.
അതേസമയം ലോകകപ്പ് ഏഷ്യൻ മേഖല യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ എതിരാളികളായ കുവൈത്തിനെ പരാജയപ്പെടുത്തിയത്. 75ാം മിനിറ്റിൽ മൻവീർ സിങ് ആണ് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത്. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് ‘എ’യിൽ ഇന്ത്യയും, കുവൈത്തും കൂടാതെ ഖത്തറും അഫ്ഗാനിസ്ഥാനുമാണ് മറ്റു രണ്ടു രാജ്യങ്ങൾ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും സഥാനക്കാർ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും. 21ന് ഖത്തറുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.