തൃണമൂലിനെതിരായ ബി.ജെ.പി പരസ്യം വിലക്കി കല്ക്കട്ട ഹൈക്കോടതി
കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പിക്ക് തിരിച്ചടി. തൃണമൂൽ കോൺഗ്രസിനെതിരായ പരസ്യങ്ങളിൽനിന്ന് ബി.ജെ.പിയെ കൽക്കട്ട ഹൈക്കോടതി വിലക്കി. തൃണമൂലിനെ മോശമായി ചിത്രീകരിക്കുന്ന പരസ്യങ്ങളിലാണു നടപടി. പരാതിയിൽ നടപടി സ്വീകരിക്കാത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ കോടതി വിമർശിക്കുകയും ചെയ്തിട്ടുണ്ട്.BJP advertisement
ടെലിവിഷൻ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രസിദ്ധീകരിച്ച പരസ്യങ്ങളിലാണു കൊൽക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യയുടെ ഏകാംഗ ബെഞ്ച് വിധി പറഞ്ഞത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനു പുറമെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടങ്ങളുടെയും ലംഘനമാണു പരസ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് നൽകിയ പരാതിയിൽ സമയോചിതമായി പരിഹരിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷനു വീഴ്ച സംഭവിച്ചു. അതുകൊണ്ടാണു കോടതിക്ക് ഇക്കാര്യത്തിൽ ഇടപെടേണ്ടിവന്നതെന്നും ജസ്റ്റിസ് സബ്യസാചി പറഞ്ഞു.
നിശബ്ദപ്രചാരണ ദിവസവും വോട്ടിങ് ദിനത്തിലും ബി.ജെ.പി പ്രസിദ്ധീകരിച്ച പരസ്യങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. തീർത്തും അപകീർത്തികരവും പ്രതിയോഗികളെ അപമാനിക്കുന്നതും വ്യക്തിപരമായ ആക്രമണങ്ങളിലേക്കു നീളുന്നതുമാണ്. നിഷ്പക്ഷവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടക്കണമെന്ന പരാതിക്കാരായ തൃണമൂൽ കോൺഗ്രസിന്റെയും ഇന്ത്യൻ പൗരന്മാരുടെയെല്ലാം അവകാശങ്ങളുടെ ലംഘനം കൂടിയാണതെന്നും കോടതി നിരീക്ഷിച്ചു. അടുത്തൊരു ഉത്തരവ് വരുന്നതു വരെ തുടർന്ന് അത്തരത്തിലൊരു പരസ്യവും പ്രസിദ്ധീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു.
മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന പെരുമാറ്റച്ചട്ടങ്ങളാണ് ബി.ജെ.പി പരസ്യങ്ങൾ ലംഘിച്ചതെന്ന് തൃണമൂലിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. ഒടുവിൽ റിട്ട് ഹരജി നൽകേണ്ടി വന്നു കമ്മിഷൻ ഇടപെടാൻ. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് എന്ന തങ്ങളുടെയും വോട്ടർമാരുടെയും അവകാശമാണു ലംഘിക്കപ്പെട്ടിരിക്കുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
എന്നാൽ, വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്നും കോടതിയുടെ പുതിയ ഉത്തരവ് നടപടിക്രമങ്ങളെ ബാധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി ഹാജരായ കോൺസൽ വാദിച്ചു. ഇക്കാര്യത്തിൽ ഈ സമയത്തൊരു കോടതി ഉത്തരവ് ശരിയല്ലെന്നും അഭിഭാഷകൻ പറഞ്ഞു.