‘മൈക്ക് പിടിക്കാനോ സംസാരിക്കാനോ കഴിയുന്നില്ല’; നടന്‍ വിശാലിന്റെ ആരോഗ്യത്തില്‍ ആശങ്കയുമായി ആരാധകര്‍
ചെന്നൈ: തന്റെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കെത്തിയ തെന്നിന്ത്യന്‍ നടന്‍ വിശാലിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ച് ആരാധകർ. സുന്ദർ സി സംവിധാനം ചെയ്ത മദഗജരാജ എന്ന സിനിമയുടെ പ്രൊമോഷനിലാണ് സംഭവം.Vishal
മറ്റൊരാളുടെ കൈപിടിച്ചാണ് വിശാൽ സദസ്സിലേക്ക് കയറിയത്. മെലിഞ്ഞ്, അവശനായ നിലയിലായിരുന്നു താരം. പരിപാടിക്കിടയിൽ സംസാരിക്കുമ്പോൾ കൈ നിർത്താതെ വിറക്കുന്നുണ്ടായിരുന്നു. വാക്കുകൾ പലയിടത്തും പതറി. ആരോഗ്യപ്രശ്ങ്ങൾ നേരിടുന്നതിനിടെയാണ് അദ്ദേഹം പ്രൊമോഷൻ പരിപാടികൾക്ക് എത്തിയതെന്നാണ് വിവരം.
വിറയലോടെ മൈക്ക് പിടിച്ച് സംസാരിക്കുന്ന വിശാലിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ആരാധകർ ആശങ്കയറിയിച്ച് എത്തിയത്. കടുത്ത പനിയും അതിനെത്തുടർന്നുള്ള വിറയലുമാണ് വിശാലിന്റെ അവസ്ഥയ്ക്ക് കാരണമെന്നാണ് റിപോർട്ടുകൾ. എന്നാൽ, താരം ഇതിനെകുറിച്ചൊന്നും പ്രതികരിച്ചിട്ടില്ല.
അതേസമയം ആരോഗ്യം ശ്രദ്ധിക്കാനാവശ്യപ്പെട്ട് നിരവധി ആരാധകര്‍ രംഗത്ത് എത്തി. ഈ അവസ്ഥയിലും വിശാലിന്റെ സിനിമയോടുള്ള പ്രതിബദ്ധതയെ പുകഴ്ത്തിയും ധാരാളം പേർ രംഗത്ത് എത്തി.
2012ൽ പൂർത്തിയായ സിനിമയാണ് മദഗജരാജ. 2025 പൊങ്കലിനാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. 2011ല്‍ മദഗജരാജയുടെ ട്രെയിലറും ഒരു ഗാനവും പുറത്തുവന്നിരുന്നു. സാമ്പത്തിക പ്രശ്‌നമാണ് റിലീസ് നീളാൻ കാരണമെന്നാണ് വിവരങ്ങൾ. ഇതിനിടെ വിശാലും സുന്ദര്‍.സിയും മറ്റു ചിത്രങ്ങളുമായി മുന്നോട്ടുപോയി. വിശാലിനെ കൂടാതെ അഞ്ജലി, വരലക്ഷ്മി ശരത്കുമാർ, സതീഷ്, സോനു സൂദ്, പരേതയായ മനോബാല എന്നിവർ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. .
അതേസമയം ചിത്രത്തെ കുറിച്ചുള്ള ശുഭ പ്രതീക്ഷയും സംവിധായകൻ സുന്ദർ സി പങ്കുവെച്ചു. ‘ മദഗജരാജ കണ്ടിട്ട് തിരുപ്പൂർ സുബ്രഹ്മണ്യം സാർ സന്തോഷം അറിയിച്ചിരുന്നുവെന്നും വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ചിത്രം മികച്ചതായി തോന്നിയെന്ന് അദ്ദേഹം പറഞ്ഞതായും സുന്ദർ സി വ്യക്തമാക്കി.