വിദേശ ഫുട്ബോൾ താരത്തെ വംശീയമായി ആക്ഷേപിച്ച് ആക്രമിച്ച സംഭവത്തിൽ 15 പേർക്കെതിരെ കേസ്

 

ഫുട്ബോൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. ആയുധമുപയോഗിച്ച് മുറിവേൽപ്പിക്കുക, വധശ്രമം, ആക്രമിച്ചു പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

ഞായറാഴ്ചയാണ് ദൈറസ്സൗബ ഹസൻ ജൂനിയർ എന്ന വിദേശതാരത്തെ കാണികൾ സംഘം ചേർന്ന് ആക്രമിച്ചത്. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസമാണ് താരം മലപ്പുറം എസ്.പിക്ക് പരാതി നൽകിയത്. വംശീയമായി അധിക്ഷേപിച്ചെന്നും ഹസൻ ജൂനിയറിൻ്റെ പരാതിയിൽ ആരോപിച്ചിരുന്നു.

Also Read : അരീക്കോട് ഫുട്ബാൾ ടൂർണമെന്‍റിനിടെ വിദേശ താരത്തിന് കാണികളുടെ മർ​ദനം; വംശീയമായി അധിക്ഷേപിച്ചെന്നും പരാതി

വംശീയമായി അധിക്ഷേപിച്ച ഒരു കൂട്ടം ആൾക്കാർ തന്നെ കല്ലെറിയുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് ഹസ്സൻ ജൂനിയർ ലോക്കൽ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. സെവൻസ് ഫുട്ബോൾ കളിക്കാൻ ഫുട്ബോൾ ക്ലബ് ആയ ജവഹർ മാവൂർ ക്ഷണിച്ചു വരുത്തിയ കളിക്കാരനാണ് ഹസൻ ജൂനിയർ. മാർച്ച് 10 ന് താരം അരീക്കോടിന് സമീപം ഒരു ടീമിൽ അഞ്ചുപേർ ചേർന്ന ഫുട്ബോൾ മത്സരം കളിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം.

“എൻ്റെ ജീവൻ രക്ഷിക്കാൻ, ഞാൻ ഓടിപ്പോയി. എതിർ ടീമിലുള്ളവരും അവരുടെ അനുകൂലികളും എനിക്ക് നേരെ കല്ലെറിഞ്ഞു. അവർ എന്നെ ക്രൂരമായി മർദിച്ചു. എൻ്റെ ടീമിൻ്റെ അനുയായികൾ ഇടപെട്ട് അവരെ തടഞ്ഞതിനെ തുടർന്ന് ഞാൻ രക്ഷപ്പെട്ടു,” ഹസൻ ജൂനിയർ പരാതിയിൽ പറഞ്ഞു. സംഭവം തന്നെ മാനസികമായി വേദനിപ്പിച്ചതായി ഹസൻ ജൂനിയർ പരാതിയിൽ പറഞ്ഞു. “ഞാനും എൻ്റെ വംശവും അപമാനിക്കപ്പെട്ടു. എൻ്റെ തൊലിയുടെ നിറം കാരണമാണ് അവർ എന്നെ ആക്രമിച്ചത്,’’ അദ്ദേഹം പറഞ്ഞു.ഇന്ന് അരീക്കോട് പോലീസിന് പരാതി കൈമാറുകയും തുടർനടപടികൾക്കായി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

 

One thought on “വിദേശ ഫുട്ബോൾ താരത്തെ വംശീയമായി ആക്ഷേപിച്ച് ആക്രമിച്ച സംഭവത്തിൽ 15 പേർക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *