സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മധു മുല്ലശ്ശേരിക്ക് എതിരെ കേസ്
തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മധു മുല്ലശ്ശേരിക്ക് എതിരെ കേസ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് മംഗലപുരം പൊലീസ് കേസെടുത്തത്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സിപിഎം നൽകിയ പരാതിയിലാണ് കേസ്. സമ്മേളനത്തിന് പിരിച്ച പണം കരാറുകാരന് നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു.
സിപിഎം മംഗലപുരം ഏരിയാ സെക്രട്ടറിയായിരുന്ന മധു വീണ്ടും ഏരിയാ സെക്രട്ടറിയാക്കാത്തതിനെ തുടർന്ന് സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം മധുവും മകനും ബിജെപിയിൽ ചേർന്നു. ഏരിയാ സമ്മേളന നടത്തിപ്പിനായി ബ്രാഞ്ചുകളിൽനിന്ന് പിരിച്ച 3.25 ലക്ഷം രൂപ മധുവിന് നൽകിയിരുന്നു. ഇതിന് പുറമെ സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും മധു ലക്ഷങ്ങൾ പിരിച്ചിരുന്നു. ഇതൊന്നും സമ്മേളനത്തിന്റെ നടത്തിപ്പിനായി ചെലവഴിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം പരാതി നൽകിയത്.