തടവുകാരുടെ ജാതി വിവരങ്ങൾ ജയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നത് വിവേചനത്തിന് കാരണമാകുന്നു, നീക്കം ചെയ്യണമെന്ന് സുപ്രിംകോടതി
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന തടവുകാരുടെ ജാതി വിവരങ്ങൾ വെളിപ്പെടുത്തുന്ന സംവിധാനം റദ്ദാക്കി സുപ്രിംകോടതി. തടവുകാരുടെ ജാതി സംബന്ധിച്ച വിവരങ്ങൾ വിവേചനത്തിനും ചൂഷണത്തിനും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ സുപ്രാധാന ഇടപെടൽ. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. ജയിലുകളിലെ വിവേചനം വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ ബെഞ്ച് വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയും ചെയ്തു.Supreme Court
ജയിലുകളിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം സംബന്ധിച്ച് ദ വയറിലെ മാധ്യമപ്രവർത്തക സുകന്യ ശാന്ത നടത്തിയ അന്വേഷണാത്മക പരമ്പരയുടെ അടിസ്ഥാനത്തിൽ നൽകിയ ഹരജിയിലാണ് ഉത്തരവ്. പല സംസ്ഥാനങ്ങളിലെയും ജയിൽ മാനുവലുകൾ ഇത്തരം വിവേചനം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ജാതിയിൽപ്പെടുന്ന തടവുകാരെ വൃത്തിയുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യാനും താഴ്ന്ന വിഭാഗത്തിലുള്ളവരെ മറ്റുള്ള ജോലികൾ ചെയ്യാനും നിയമിക്കുന്നതായി സുകന്യ നടത്തിയ അന്വോഷണത്തിൽ കണ്ടെത്തിയതായി ഹരജിയിൽ പറയുന്നുണ്ട്.
താഴ്ന്ന ജാതി ശ്രേണിയിൽ നിന്നുള്ള തടവുകാർക്ക് വിചിത്രവും മനുഷ്യത്വരഹിതവുമായ ജോലികൾ നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ജാതി വിവരങ്ങൾ വെളിപ്പെടുത്തുന്നതുവഴി വിവേചനത്തിന് കാരണമാകുന്ന ചില സംസ്ഥാനങ്ങളിലെ ജയിൽ മാനുവലുകളിലെ നിയമങ്ങളും കോടതി ഇതോടൊപ്പം റദ്ദാക്കി. പാർശ്വവൽക്കരിക്കപ്പെട്ട ജാതി വിഭാഗത്തിൽ നിന്നുള്ളവർക്ക് ശുചീകരണവും തൂത്തുവാരലും ഉൾപ്പെടുന്ന ജോലികളും ഉയർന്ന ജാതിക്കാർക്ക് പാചകം നൽകുന്നതും ആർട്ടിക്കിൾ 15 ൻ്റെ ലംഘനമാണെന്ന് കണ്ടെത്തകൊണ്ടാണ് കോടതിയുടെ ഉത്തരവ്. മതം, ജാതി, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്നതാണ് ആർട്ടിക്കിൾ 15.
ഇത്തരത്തിൽ ഏതെങ്കിലും രീതിയിൽ ജാതി വിവേചനത്തിന് കാരണമാകുന്ന നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി എല്ലാ സംസ്ഥാനങ്ങളും വിധിക്ക് അനുസൃതമായി ജയിൽ മാന്വലുകളിൽ മാറ്റങ്ങൾ വരുത്തണമെന്നും നിർദേശിച്ചു. തടവുകാരുടെ ജാതിവിവരങ്ങൾ ജയിൽ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.
ജയിലുകളിലെ വിവേചനം സംബന്ധിച്ച് സ്വമേധയാ കേസെടുക്കാൻ ഉത്തരവിട്ട കോടതി അടുത്ത വാദം നടക്കുമ്പോൾ ഉത്തരവ് നടപ്പിലാക്കിയ റിപ്പോർട്ടുകൾ സമർപ്പിക്കാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തു. ഉത്തരവ് നടപ്പാക്കാത്ത പക്ഷം സംസ്ഥാനങ്ങൾ ഉത്തരവാദികളായിരിക്കുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2016-ലെ മോഡൽ പ്രിസൺ മാനുവൽ 2013-ലെ മോഡൽ പ്രിസൺസ് ആൻ്റ് കറക്ഷണൽ സർവീസസ് ആക്ട് എന്നിവയിൽ ഭേദഗതി വരുത്താൻ കേന്ദ്രത്തിനും കോടതി നിർദേശം നൽകിയിട്ടുണ്ട്.