നാടിനെ വിറപ്പിച്ച ദുരന്തത്തിന്റെ ശേഷിപ്പായി ചാലിയാര്‍ പുഴ; ഇന്നലെയും ഇന്നുമായി പുഴയില്‍ നിന്ന് കണ്ടെടുത്തത് 70 മൃതദേഹങ്ങള്‍

Chaliyar river is the remnant of the disaster that shook the country; 70 dead bodies were recovered from the river between yesterday and today

 

നാടിനെ വിറപ്പിച്ച ദുരന്തത്തിന്റെ ശേഷിപ്പായി ഒഴുകുകയാണ് ചാലിയാര്‍ പുഴ. ഇന്നും ഇന്നലെയുമായി ചാലിയാര്‍ പുഴയില്‍ നിന്ന് കണ്ടെടുത്തത് 70 മൃതദേഹങ്ങളാണ്. ചിന്നി ചിതറിയ ശരീരഭാഗങ്ങളില്‍ പ്രിയപ്പെട്ടവരെ തെരഞ്ഞെത്തുന്നവരുടെ കണ്ണുനീര്‍ ഉള്ളലിപ്പിക്കുകയാണ്.

ഓരോ 15 മിനിറ്റിലും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് ചാലിയാറില്‍ നിന്ന് ആംബുലന്‍സുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മൃതദേഹവും ശരീരാവശിഷ്ടവും ഏറ്റുവാങ്ങേണ്ടി വന്നതോടെ ചാലിയാര്‍ പുഴ കണ്ണീര്‍പ്പുഴയായി മാറി. ദുരന്ത മേഖലയില്‍ നിന്ന് കിലോ മീറ്ററുകള്‍ അകലെയാണ് ചാലിയാര്‍ പുഴ. ഉരുള്‍പൊട്ടലില്‍ മണ്ണും കല്ലും ചെളിയും കൂടികലര്‍ന്നെത്തിയ വെള്ളം പുഴയായി രൂപം കൊണ്ടു. ഈ പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴ തീരത്ത് വന്നെത്തുകയായിരന്നു. മുണ്ടേരിയിലേയും നിലമ്പൂരിലേയും വിവിധ തീരങ്ങളില്‍ നിന്നായി 70ലധികം മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അതില്‍ 39 പൂര്‍ണ്ണ മൃതദേഹവും 32 ലധികം പേരുടെ ശരീരഭാഗങ്ങളും കണ്ടെടുത്തു. ഇനിയും ചാലിയാര്‍ പുഴയും വീണ്ടെടുക്കാന്‍ ആകാതെ മൃതദേഹങ്ങള്‍ അവശേഷിക്കുന്നുണ്ട്.

വയനാട് ദുരന്തത്തില്‍ മരണം 175 ആയി ഉയര്‍ന്നു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 175 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം അതിരാവിലെ തുടങ്ങിയിരുന്നു. ബന്ധുക്കള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 227 പേരെ കാണ്മാനില്ല. അവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *