‘മുഖ്യമന്ത്രി ഏകാധിപതി; സൂര്യവെളിച്ചം കെടുത്തുന്നതിൽ പ്രധാനി റിയാസ്, മകൾ വീണയ്ക്ക് പങ്ക്’: പി.വി അൻവർ
നിലമ്പൂർ: മുഖ്യമന്ത്രിക്കും പാർട്ടി നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനം ആവർത്തിച്ച് പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച അൻവർ മുഖ്യമന്ത്രിയെന്ന സൂര്യൻ്റെ വെളിച്ചം കെടുത്തുന്നതിൽ പ്രധാനി മരുമകൻ മുഹമ്മദ് റിയാസാണെന്നും മകൾ വീണയ്ക്കും ഇതിൽ പങ്കുണ്ടെന്നും ആരോപിച്ചു. സീറ്റിന്റെ കാര്യത്തിൽ ഭയമില്ലെന്നും പാർട്ടിയിൽ നിന്നും പുറത്താക്കുമോ എന്ന ആശങ്കയില്ലെന്നും അൻവർ മീഡിയവണിനോട് പറഞ്ഞു. എൽഎഡിഎഫിൽ തുടരുമെന്നും മുന്നണി വിപ്പ് തന്നാൽ അനുസരിക്കുമെന്നും അൻവർ പറഞ്ഞു.Chief Minister
മുഖ്യമന്ത്രി എന്നെ കള്ളനും കള്ളക്കടത്തുകാരനുമാക്കി. പാർട്ടിയിൽ പ്രതീക്ഷിച്ചാണ് കത്ത് നൽകിയത്. എന്നാൽ താൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷ് പറഞ്ഞത്. പരാതിയിൽ കഴമ്പില്ലെന്ന് പാർട്ടി സെക്രട്ടറി പറയുന്നത് നിവൃത്തികേടുകൊണ്ടാണ്. പാർട്ടി സെക്രട്ടറി പറഞ്ഞതാണോ അൻവർ പറഞ്ഞതാണോ ശരിയെന്ന് പാർട്ടി പ്രവർത്തകർ തീരുമാനിക്കട്ടെ.
ഒരു കമ്മ്യൂണിസ്റ്റ് അനുഭാവം ഉള്ളവർ പോലും തന്റെ പരാതി അന്വേഷിക്കാമെന്ന് പറയും. മുഖ്യമന്ത്രിക്ക് മുകളിൽ പരുന്തും പാർട്ടിയും പറക്കില്ല. മുഖ്യമന്ത്രി തന്നെയാണ് പാർട്ടിയും സർക്കാരും. അദ്ദേഹം ഏകാധിപതിയായിരിക്കുന്നു. ആർക്കും സംസാരിക്കാനോ വായ തുറക്കാനോ പറ്റില്ല. എഡിജിപി അജിത്കുമാർ, പി.ശശി, മുഹമ്മദ് റിയാസ്, മകൾ വീണ എന്നിവരുടെ മാത്രം കൂട്ടത്തിലാണ് അദ്ദേഹം ജീവിക്കുന്നത്. ഇവർ പറയുന്നത് മാത്രമാണ് അദ്ദേഹത്തിനറിയുകയുള്ളു. ബാക്കിയൊന്നും അദ്ദേഹം അറിയുന്നില്ല. പാർട്ടിയുടെ ഉയർന്ന നേതാക്കൾക്ക് പോലും മുഖ്യമന്ത്രിയോട് ഒന്നും പറയാനാവില്ല.
മുഖ്യമന്ത്രിയെന്ന സൂര്യന്റെ വെളിച്ചം കെടുത്തിയത് മുഹമ്മദ് റിയാസാണ്. മുഖ്യമന്ത്രിയുടെ മകൾ വീണക്കും പങ്കുണ്ട്. ജനപ്രതിനിധികൾക്ക് പോലും മുഖ്യമന്ത്രിയുടെ മുന്നിലെ വാതിൽ തുറക്കുന്നില്ല. തദ്ദേശ സ്വയംഭരണ അധ്യക്ഷൻമാർക്കും പാർട്ടി നേതാകൾക്കും മുഖ്യമന്ത്രിയെ കാണാൻ അനുമതിയില്ല. പത്ത് ശതമാനം എംഎൽഎമാർ പോലും മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിക്കുന്നില്ലെന്നും അൻവർ പറഞ്ഞു.