അൻവറിൻ്റെ വിമർശനങ്ങളിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി
എറണാകുളം: പി.വി അൻവറിൻ്റെ വിമർശനങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയാതെ മുഖ്യമന്ത്രി കാറിൽ കയറിപോവുകയായിരുന്നു. നേരത്തെ, മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞിരുന്നു. പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു ഇത്തരത്തിലൊരു നടപടി. ആലുവയിലെ ഗസ്റ്റ് ഹൗസിലാണ് മാധ്യമപ്രവർത്തകരെ സുരക്ഷാവേലി തീർത്ത് തടഞ്ഞു നിർത്തിയത്.
പാർട്ടിയെ ലംഘിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അൻവർ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചിരുന്നു. ആഭ്യന്തരവകുപ്പ് ഭരിക്കാൻ മുഖ്യമന്ത്രി യോഗ്യനല്ലെന്നടക്കമുള്ള ഗുരുതര വിമർശനങ്ങളാണ് അൻവർ ഉന്നയിച്ചത്. ‘2021ൽ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ ആയിരുന്നു മുഖ്യമന്ത്രി. എന്നാൽ ആ സൂര്യൻ ഇപ്പൊൾ കെട്ടുപോയെന്ന് താൻ മുഖ്യമന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രി തന്നെ ചതിച്ചത് എങ്ങനെയാണെന്ന് ജനങ്ങൾ മനസ്സിലാക്കണം.’- അൻവർ പറഞ്ഞു.
അതേസമയം, അൻവറുമായി ഇനി ഒരു തരത്തിലും ഒത്തുപോകേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് പാർട്ടി നേതൃത്വം. അൻവറിനതിരെ ശക്തമായി പ്രതിരോധം തീർക്കാനാണ് ആലോചന. എന്നാൽ, പാർട്ടി ചിഹ്നത്തിലല്ല നിലമ്പൂരിൽ മത്സരിച്ചതെന്നതിനാൽ അൻവറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സിപിഎമ്മിനാകില്ല.