ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്‌ഐയെന്ന് മുഖ്യമന്ത്രി; തല്ലിക്കൊല്ലാൻ മുഖ്യമന്ത്രി ലൈസൻസ് നൽകുന്നെന്ന് സതീശൻ-സഭയിൽ ബഹളം
തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ എസ്എഫ്ഐ അക്രമത്തെ ചൊല്ലി നിയമസഭയിൽ ഭരണ – പ്രതിപക്ഷ ബഹളം.നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിൽ വാക്പോര് നടന്നു.
പൂക്കോട് സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിലെ കേസിലെ പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതി കിട്ടിയത് കോടതിയും യൂണിവേഴ്സിറ്റിയും തീരുമാനിച്ച കാര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്‍റെ വിഷയമല്ല അത്, അതിൽ സർക്കാരിന് എന്തു ഉത്തരവാദിത്തമാണ് ഉള്ളതെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദിച്ചു. ‘ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ. പണ്ട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിറഞ്ഞുനിന്ന സംഘടനയായിരുന്നില്ലെ കെ.എസ്.യു. പിന്നെങ്ങനെയാണ് നിങ്ങൾ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. നവകേരള സദസുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങൾ രക്ഷാപ്രവർത്തനമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
മുഖ്യമന്ത്രിയുടെ സഭയിലെ പ്രസംഗം കാമ്പസുകളിലെ അതിക്രമങ്ങൾക്ക് സംരക്ഷണം നൽകുന്നതാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ‘രക്ഷാപ്രവർത്തനം ആവർത്തിച്ചത് നിങ്ങൾ തിരുത്തില്ല എന്നുള്ളതിന്റെ ആവർത്തിച്ചുള്ള വ്യക്തമാക്കലാണ്.ആരെയും തല്ലിക്കൊല്ലാനുള്ള ലൈസൻസ് കേരളത്തിലെ മുഖ്യമന്ത്രി തന്നെ നൽകുന്നു. സിദ്ധാർത്ഥന്‍റെ സംഭവം ഉണ്ടായപ്പോൾ ഇനി അങ്ങനെയൊരു സംഭവം ആവർത്തിക്കില്ല എന്ന് കേരളം കരുതി. അതിന്‍റെ വേദന മാറും മുൻപ് വീണ്ടുമൊരു ചെറുപ്പക്കാരനെ ആൾക്കൂട്ട വിചാരണ നടത്തി. ഇങ്ങനെ ഒരു ക്രൂരകൃത്യം ചെയ്യാൻ ആരാണ് അനുവാദം കൊടുത്തത്? ആശുപത്രിയിൽ കൊണ്ടുപോകുന്നതിനു പകരം പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. ഇടിമുറികൾ ഉണ്ടാക്കി കാമ്പസുകളിൽ ക്രിമിനലുകൾ പൈശാചികമായ വേട്ട നടത്തുന്നു. ഇവരെ നിയന്ത്രിക്കാൻ ക്യാമ്പസുകളിൽ ആരുമില്ലാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസ്താവന ആ സ്ഥാനത്തിന് യോജിച്ചതല്ല’.നിങ്ങൾ കേരളത്തിലെ മുഖ്യമന്ത്രിയാണ് മഹാരാജാവല്ലെന്നും സതീശന്‍ പറഞ്ഞു.