‘മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം’: ചീഫ് സെക്രട്ടറിക്ക് ഗവർണറുടെ നോട്ടീസ്
തിരുവനന്തപുരം: വിവാദമായ മലപ്പുറം കള്ളക്കടത്ത് പരാമർശത്തിൽ സർക്കാരിനെ വിടാതെ ഗവർണർ. വിവാദത്തിൽ വിശദീകരണം തേടി ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം നാളെ നേരിട്ടെത്തി വിശദീകരണം നൽകാനാണു നിർദേശം നൽകിയിരിക്കുന്നത്.Malappuram
മുഖ്യമന്ത്രി ‘ദ ഹിന്ദു’വിനു നൽകിയ അഭിമുഖത്തിനു പിന്നാലെയായിരുന്നു മലപ്പുറം പരാമര്‍ശം വിവാദത്തിനു തുടക്കം കുറിച്ചത്. മലപ്പുറത്ത് വലിയ തോതിൽ കള്ളക്കടത്തും ഹവാല ഇടപാടും നടക്കുന്നെന്നും ഇതു രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും പത്രം പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, താൻ ഇത്തരത്തിലൊരു മറുപടിയും നൽകിയിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഇതോടെ പിആർ ഏജൻസി നൽകിയ ചോദ്യമാണ് അച്ചടിച്ചതെന്നു വിശദീകരിച്ച് ദ ഹിന്ദു മാപ്പുപറയുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ അഭിമുഖം നല്‍കാനായി ഡല്‍ഹി ആസ്ഥാനമായുള്ള കൈസന്‍ എന്ന പിആര്‍ ഏജന്‍സിയാണു തങ്ങളെ ബന്ധപ്പെട്ടതെന്നും പത്രം വിശദീകരിച്ചിരുന്നു. ഡല്‍ഹിയിലെ കേരള ഹൌസില്‍ അഭിമുഖം നടക്കുമ്പോള്‍ കൈസന്‍റെ പ്രതിനിധികളും ഹിന്ദു ലേഖികയ്‍ക്കൊപ്പം ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അഭിമുഖത്തില്‍ തങ്ങള്‍ ഇടപെട്ടില്ലെന്ന് കൈസന്‍ പിന്നീട് വിശദീകരിച്ചിരുന്നു.