‘സുരേന്ദ്രനുമായി അടുത്ത ബന്ധം; 12 കോടി രൂപ കൊണ്ടുവന്നു’-ബിജെപിക്ക് കൂടുതല്‍ കുരുക്കുമായി ധർമരാജന്റെ മൊഴി
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്കു കൂടുതൽ കുരുക്കായി മൊഴിപ്പകർപ്പ് പുറത്ത്. കുഴൽപ്പണം കൊണ്ടുവന്ന ധർമരാജന്‍ ആണ് പൊലീസിനു നൽകിയ മൊഴിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്നു സമ്മതിച്ചത്. മൂന്നു തവണയായി 12 കോടി രൂപ കൊണ്ടുവന്നെന്നും കൊടകരയിൽ പണം നഷ്ടമായതിനു പിന്നാലെ സുരേന്ദ്രൻ ഫോണിൽ വിളിച്ചെന്നും മൊഴി മീഡിയവണിനു ലഭിച്ച ധർമരാജന്റെ മൊഴിപ്പകർപ്പിൽ പറയുന്നു.
ചെറുപ്പത്തിൽ ആർഎസ്എസുകാരനായിരുന്നുവെന്ന് ധർമരാജന്‍ പറഞ്ഞു. വാജ്‌പേയി സർക്കാരിന്റെ കാലംമുതൽ സുരേന്ദ്രനുമായി നല്ല ബന്ധമാണ്. കൊടകരയിൽ വെച്ച് പണം നഷ്ടമായതിന് പിന്നാലെ അദ്ദേഹം ഫോണിൽ വിളിച്ചു സംസാരിച്ചു. പണം നഷ്ടമായ വിവരം അറിയിക്കാൻ അങ്ങോട്ടു വിളിച്ചപ്പോൾ എടുത്തില്ല. പിന്നീട് തിരിച്ചുവിളിക്കുകയായിരുന്നുവെന്നു ധർമരാജന്‍ വെളിപ്പെടുത്തി.
തൃശൂരിലെ ബിജെപി ഓഫീസിലേക്ക് 6.5 കോടി രൂപ കൊണ്ടുവന്നുവെന്നും മൊഴിയിൽ പറയുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി ഗിരീഷാണ് ബംഗളൂരുവിൽ കണേണ്ടയാളെക്കുറിച്ച് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകിയത്. ശ്രീനിവാസൻ എന്നു പേരുള്ളയാളിൽനിന്നാണു പണം സ്വീകരിച്ചതെന്നും മൊഴിയിൽ പറയുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്ത് ബംഗളൂരുവിൽനിന്ന് പണം കൊണ്ടുവന്നു കൊടുത്തു. 3 തവണയായി 12 കോടി രൂപയാണ് എത്തിച്ചത്. പാർസൽ വണ്ടിയിലാണ് തൃശൂരിലെ ഓഫീസിലേക്കു പണം കൊണ്ടുവന്നത്. ആ സമയത്ത് ഓഫീസിൽ അന്നത്തെ ബിജെപി ജില്ലാ ട്രഷറർ സുജയ് സേനനും പ്രശാന്തും ഉണ്ടായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. വിജയ് സേനൻ പറഞ്ഞതു പ്രകാരം ഓഫീസ് സെക്രട്ടറി സതീഷ് തൃശൂരിലെ ലോഡ്ജിൽ മുറി ബുക്ക് ചെയ്തു. തുടർന്ന് മൂന്ന് ചാക്കിലാണു പണം ബിജെപി ഓഫീസിലേക്ക് എത്തിച്ചതെന്നും മൊഴിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.