ആലുവയിലെ പെൺകുട്ടിയുടെ കുടുംബത്തിനെ കബളിപ്പിച്ച് ഭർത്താവ് പണം തട്ടിയെന്ന പരാതി; മഹിളാ കോൺഗ്രസ് നേതാവിനു സസ്പൻഷൻ

Mahila Congress .kerala , malayalam news , the journal

ആലുവയിൽ അസഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് ഭർത്താവ് പണം തട്ടിയെന്ന പരാതിയിൽ മഹിളാ കോൺഗ്രസ് നേതാവിനു സസ്പൻഷൻ. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെയാണ് അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തത്. (aluva mahila congress suspended)

എറണാകുളം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഹസീന നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. ഹസീനയുടെ ഭർത്താവ് മുനീറാണ് പണം തട്ടിയെടുത്തത്.

കുടുംബത്തിന് പണം നൽകി ആരോപണവിധേയൻ പരാതി പരിഹരിച്ചിരുന്നു. ബാക്കി നൽകാനുണ്ടായിരുന്ന 50,000 രൂപ കൂടി നൽകിയതോടെ ഇനി പരാതിയില്ലെന്ന് കുടുംബം അറിയിച്ചു. ഒപ്പം നിന്ന മാധ്യമങ്ങൾക്ക് അവർ നന്ദി അറിയിക്കുകയും ചെയ്തു.

മുനീർ 1.20ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഇതിൽ 70,000 രൂപ തിരിച്ചു നൽകിയെന്നും ബാക്കി തുക നൽകിയില്ലെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞിരുന്നു. എന്നാൽ താനും ഭർത്താവും അവരിൽനിന്ന് പണം കൈപ്പറ്റിയിട്ടില്ലെന്നും എന്തടിസ്ഥാനത്തിലാണ് ആരോപണം എന്നറിയില്ലെന്നും മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഹസീന മുനീർ 24 നോട് പറഞ്ഞു.

കുട്ടി കൊല്ലപ്പെട്ട സമയത്താണ് സംഭവം നടന്നതെന്നാണ് പരാതി. അന്ന് കുട്ടിയുടെ കുടുംബത്തെ സഹായിക്കാൻ മുന്നിൽ നിന്നത് മുനീറായിരുന്നു. തങ്ങളെ സഹായിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിൽ നിന്ന് എടിഎം കാർഡ് ഉപയോഗിച്ച് പണമെടുത്തത് മുനീറായിരുന്നു. അന്ന് ഇത്തരത്തിൽ 1.2 ലക്ഷം രൂപയോളം പലപ്പോഴായി പിൻവലിച്ചിരുന്നുവെന്നും ആ തുകയിൽ വളരെ കുറച്ച് മാത്രമാണ് തങ്ങൾക്ക് തന്നതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. ഈ പണത്തെ കുറിച്ച് പിതാവ് മുനീറിനോട് ചോദിച്ചിരുന്നു. എന്നാൽ മുനീർ ഇതിൽ 70000 രൂപയോളം മാത്രമാണ് തിരികെ നൽകിയത്. കുട്ടിയുടെ പിതാവിന്റെ പേരിലുള്ള പേഴ്സണൽ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയതെന്നാണ് പരാതി.

വാർത്തയ്ക്കെതിരെ ആരോപണവിധേയൻ മുനീർ രംഗത്തുവന്നിരുന്നു. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവായ ഇദ്ദേഹം വാർത്ത കളവാണെന്ന് പറയണമെന്ന് കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടു. എന്നാൽ, തനിക്ക് കളവ് പറയാൻ കഴിയില്ലെന്ന് കുട്ടിയുടെ അച്ഛൻ മറുപടിനൽകി. ഇതിനു പിന്നാലെയാണ് ബാക്കി പണം കൂടി നൽകി ആരോപണവിധേയൻ തടിയൂരിയത്.

Leave a Reply

Your email address will not be published. Required fields are marked *