പി സരിൻ ഔട്ട് !; കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി
തിരുവനന്തപുരം: ഡോ. പി. സരിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാരകരൻ പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരിലാണ് നടപടി.
കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചു. സെല്ലിന്റെ ചുമതല സരിനായിരുന്നു. 2023ൽ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ കോൺഗ്രസിൽനിന്ന് രാജിവെച്ച അനിൽ ആന്റണിക്കു പകരക്കാരനായാണ് സരിൻ ഈ ചുമതല ഏറ്റെടുക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്‍റെ ഗവേഷണ വിഭാഗത്തിലും ഐടി സെല്ലിലും സരിന്‍ പ്രവര്‍ത്തിച്ചിരുന്നു.
Also Read: ‘കോൺഗ്രസിന് മൂവർ സംഘത്തിൽ നിന്ന് മോചനം വേണം; CPIM കെട്ടുറപ്പുള്ള പാർട്ടി’; പി സരിൻ
പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് സരിന്‍. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് 2007ൽ എംബിബിഎസ് പഠനം പൂർത്തിയാക്കി. 2008ൽ സിവില്‍ സർവീസ് പരീക്ഷ എഴുതി. ആദ്യ അവസരത്തില്‍ തന്നെ 555ാം റാങ്ക് നേടി. തുടർന്ന് ഇന്ത്യന്‍ അക്കൗണ്ടസ് ആൻഡ് ഓഡിറ്റ് സര്‍വീസിന്റെ ഭാഗമായി. ആദ്യ പോസ്റ്റിങ് തിരുവനന്തപുരത്തായിരുന്നു.
നാലു വര്‍ഷം കർണാടകയിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ കസേരയിലിരുന്നു. 2016ലാണ് സിവിൽ സർവീസിൽനിന്ന് രാജിവെക്കുന്നത്. മൂന്നു മാസത്തെ നോട്ടിസ് കാലയളവിന് ശേഷം ഐഎഎഎസില്‍ നിന്നും പടിയിറങ്ങി. തുടർന്ന് യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നെങ്കിലും പരാജയപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.