പകർപ്പവകാശ ലംഘനം; നയൻതാരക്കെതിരെ ഹരജിയുമായി ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ

High Court

ചെന്നൈ: പകർപ്പവകാശം ലംഘിച്ചെന്ന പരാതിയിൽ തെന്നിന്ത്യൻ താരം നയൻതാരക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നയൻതാരയുടെ ജീവിതം പറയുന്ന ‘നയൻതാര ബിയോണ്ട് ദ ഫെയറി ടെയ്ൽ’ എന്ന ഡോക്യുമെന്ററിയിൽ ‘നാനും റൗഡി താൻ’ എന്ന തമിഴ് സിനിമയിലെ ഭാഗങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു എന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകിയത്. High Court

പകർപ്പവകാശം ലംഘിച്ച് ദൃശ്യങ്ങൾ ഉപയോഗിച്ചതിന് നയൻതാര, സംവിധായകനും ഭർത്താവുമായ വിഘ്നേശ് ശിവൻ, അവരുടെ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവക്കെതിരെയാണ് ധനുഷ് കെ. രാജയുടെ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് മദ്രാസ് ഹൈകോടതിയെ സമീപിച്ചത്.

നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്‌ലിൽ’ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യം ഉൾപ്പെടുത്തിയതിന് നടന്‍ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

നയന്‍താരയെ നായികയാക്കി വിഘ്‌നേഷ് ശിവനായിരുന്നു ‘നാനും റൗഡി താന്‍’ എന്ന സിനിമ സംവിധാനം ചെയ്തത്. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലയത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനസംഭവത്തിന് സിനിമ കാരണമായതിനാലാണ് അതിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്താൻ നയൻതാര ധനുഷിന്റെ അനുമതി തേടിയത്. എന്നാൽ ധനുഷ് അതിന്റെ അനുതി നൽകാതെ വന്നതോടെ അണിയറ ദൃശ്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് ഡോക്യുമെന്ററി പുറത്തിറക്കുകയായിരുന്നു. ധനുഷിന് മറുപടിയായി മൂന്നുപേജുള്ള കുറിപ്പ് നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയായിരുന്നു ഇരുവരും തമ്മിലുള്ള പോര് പുറംലോകമറിഞ്ഞത്.

നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യയിലെ പ്രതിനിധികളായ ലോസ് ഗറ്റോസ് പ്രൊഡക്ഷന്‍ സര്‍വീസസിനെക്കൂടി കേസില്‍ കക്ഷിയാക്കാന്‍ അനുവദിക്കണമെന്ന ധനുഷിന്‍റെ ആവശ്യം ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദൂസ് അംഗീകരിച്ചു. ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *