‘വീട്ടിൽ പൂച്ചയുണ്ടോ’, പക്ഷിപ്പനി പൂച്ചകളിലൂടെ മനുഷ്യരിലേക്കെത്തുമെന്ന് പഠനം; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
ലോസ് ആഞ്ചൽസ്: പക്ഷിപ്പനിയുടെ വാഹകരായി വളർത്തുപൂച്ചകൾ മാറിയേക്കുമെന്ന് പഠനം. കഴിഞ്ഞ രണ്ടര വർഷമായി യുഎസിലെ കോഴി ഫാമുകളെ ബാധിച്ച പക്ഷിപ്പനി (എച്ച്5 എൻ1) മേഖലയെ തകർത്തുകളഞ്ഞിരുന്നു. എച്ച് 5 എൻ 1 എന്നറിയപ്പെടുന്ന ഏവിയൻ ഇൻഫ്ലുവൻസയുടെ മാരകമായ ഇനം 10 കോടിയിലധികം പക്ഷികളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.cats
എച്ച്5എൻ1-ന്റെ വകഭേദങ്ങൾ പൂച്ചകളിലൂടെ എളുപ്പം മനുഷ്യരിലേക്കും പകരാനിടയുണ്ടെന്ന് ടെയ്‌ലർ ആന്റ് ഫ്രാൻസിസ് എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച ജേണലിൽ പറയുന്നു. കഴിഞ്ഞ ഏപ്രിലിൽ സൗത്ത് ഡക്കോട്ടയിലെ ഒരു വീട്ടിൽ 10 പൂച്ചകൾ ചത്തിരുന്നു. ഗവേഷകർ അവയിൽ നടത്തിയ പരിശോധനയിൽ ശ്വസന സംബന്ധമായും നാഡിസംബന്ധമായും പ്രശ്നങ്ങൾ കണ്ടത്തി. പൂച്ചകളിൽ കണ്ടെത്തിയ വൈറസിന് 80 കിലോമീറ്റർ അകലെയുള്ള ഫാമിലെ പക്ഷി-മൃഗാദികളിൽ കണ്ടത്തിയ വൈറസുമായി സാമ്യമുണ്ടെന്നു വ്യക്തമായി.
പൂച്ചകളുടെ ശരീരത്തിന് സമീപം പക്ഷി തൂവലുകളും കണ്ടത്തിയിരുന്നു. ഫാമിൽ വൈറസ് പടരാൻ കാരണമായ പക്ഷികളെ പൂച്ചകൾ ഭക്ഷിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ. 2008-ൽ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനിയുടെ പ്രധാന വാഹകരായ പന്നികൾക്ക് സമാനമായ തരത്തിൽ പൂച്ചകളും വൈറസുകളെ സ്വീകരിക്കുകയും വകഭേദം അനുവദിക്കുകയും ചെയ്യുന്നതായി പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി പൂച്ചകളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകർന്നേക്കുമെന്നും പഠനം പറയുന്നു. എന്നാൽ നിലവിൽ പൂച്ചകളിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് പകർന്നതിന് തെളിവുകളില്ലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.
സാധാരണ ഈ രോഗം പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് മാത്രമാണ് പകരാറുള്ളത്. എന്നാൽ അപൂർവമായി പക്ഷിപ്പനി വൈറസിന് ജനിതക വകഭേദം സംഭവിച്ചാൽ അവക്ക് മനുഷ്യരിലേക്ക് പകരാൻ കഴിയും. അത് ഗുരുതരമായ രോഗബാധക്ക് കാരണമാകാം.രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കണം. അതത് സമയങ്ങളിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. കടുത്ത ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം, കഫത്തിൽ രക്തം, കൺപോളയിൽ വീക്കം മുതലായവയാണ് രോഗലക്ഷണങ്ങൾ