മോദിയുടെ ജന്മനാടിനെക്കുറിച്ച് ഡോക്യുമെന്ററി: അഞ്ചുകോടിയുടെ ദലിത് ഫണ്ട് ദുരുപയോഗം ചെയ്തു; ആരോപണവുമായി പ്രിയങ്ക് ഖാർഗെ

Priyank Kharge

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടിനെക്കുറിച്ചുള്ള ഡോക്യുമെന്ററി നിർമാണത്തിനായി ഗുജറാത്തിലെ ബിജെപി സർക്കാർ ദലിത് ഫണ്ടുകൾ ദുരുപയോഗം ചെയ്തതായി കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ഡോക്യുമെന്ററി നിർമ്മിക്കുന്നതിനായി ദലിത്, ആദിവാസി സമുദായങ്ങളുടെ ഉന്നമനത്തിനായി നീക്കിവച്ച ക്ഷേമഫണ്ടുകളിൽ നിന്ന് അഞ്ചുകോടി രൂപ ദുരുപയോഗം ചെയ്‌തെന്നും പ്രിയങ്ക് ഖാർഗെ ആരോപിച്ചു. എസ്‍സിപി/ടിഎസ്പി ഫണ്ട് തിരിമറി നടത്തിയെന്നാരോപിച്ച് കർണാടക സർക്കാരിനെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഗ്രാമവികസന മന്ത്രിയായ പ്രിയങ്ക് ഖാർഗെയുടെ ആരോപണം.Priyank Kharge

ഫണ്ട് ദുരുപയോഗത്തിന്റെ പേര് പറഞ്ഞ് കോൺഗ്രസ് സർക്കാറിനെ നിരന്തരം ലക്ഷ്യമിടുന്നവരാണ് ബിജെപിക്കാർ. എന്നാൽ രാജ്യത്തുടനീളമുള്ള അവരുടെ സ്വന്തം ഭരണകൂടങ്ങൾ എസ്‍സിപി/ ടിഎസ്‍പി ഫണ്ടുകൾ ക്ഷേമേതര പ്രവർത്തനങ്ങൾക്കായി വഴിതിരിച്ചുവിടുകയാണെന്നും പ്രിയങ്ക് മാധ്യമങ്ങളോട് പറഞ്ഞു.

‘അവരുടെ സ്വന്തം സർക്കാരുകൾ രാജ്യത്തുടനീളം ഈ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നതിൽ ബിജെപി ലജ്ജിക്കണം. ആദിവാസികളെയും ദലിതരെയും ഒഴിവാക്കുക എന്നതാണ് മോദിയുടെ വികസന മാതൃകയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ അവരുടെ ഭരണകാലത്താണ് ഏറ്റവും കൂടുതൽ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നിട്ടുള്ളതെന്നാണ് യാഥാർഥ്യം,” അദ്ദേഹം പറഞ്ഞു.

‘മഹാരാഷ്ട്ര സർക്കാർ എസ്‍സിപി/ ടിഎസ്‍പി ഫണ്ടുകളിൽ നിന്ന് 2,000 കോടി രൂപ ഉപയോഗിച്ച് കർഷകരുടെ വായ്പകൾ എഴുതിത്തള്ളി.എന്നാൽ മധ്യപ്രദേശ് സർക്കാർ അതേ ഫണ്ടിൽ നിന്ന് 96.76 കോടി രൂപ പശു ക്ഷേമ പരിപാടികൾക്കായി അനുവദിക്കുകയായിരുന്നു. ഇന്ത്യയിൽ ദലിതരും ആദിവാസികളും പശുക്കളേക്കാൾ വിലകുറഞ്ഞവരാണോ?. നമ്മുടെ അന്തസ്സ് പോലും സംരക്ഷിക്കാൻ കഴിയാത്ത വിധം ബിജെപി ഭരണം മാറിക്കഴിഞ്ഞു. ആദിവാസി വികസന ഫണ്ടുകളിൽ നിന്ന് 217.15 കോടി രൂപ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വഴി എയർടെൽ, ജിയോ പോലുള്ള ടെലികോം കമ്പനികൾക്ക് കേന്ദ്രസർക്കാർ വഴിതിരിച്ചുവിടുകയാണ്. ഔദ്യോഗിക വിവരാവകാശ രേഖകളുടെയും സർക്കാർ രേഖകളുടെയും പിന്തുണയോടെയാണ് താന്‍ ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.’ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *