ദുബൈ ടാക്സി ഓഹരികൾ ഷെയർ മാർക്കറ്റിലേക്ക്; കമ്പനിയുടെ ഘടനയിൽ ഭേദഗതിക്ക് ഉത്തരവായി

Dubai Taxi shares. malayalam news , kerala,the journal

ദുബൈ ടാക്സിയുടെ ഷെയറുകൾ ഓഹരി വിപണിയിലേക്ക്. ഷെയറുകൾ പൊതുജനങ്ങൾക്ക് വിറ്റഴിക്കുന്നതിന് ദുബൈ ടാക്സി കമ്പനിയെ പബ്ലിക് ജോയിന്റ് സ്റ്റോക് കമ്പനിയാക്കി മാറ്റാൻ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തും ഉത്തരവിട്ടു.

കമ്പനിയുടെ ഘടനയും നിയമങ്ങളും ഇതിന് അനുസരിച്ച് മാറ്റും. ദുബൈയിലെ റോഡ് ടോൾ സംവിധാനമായ സാലിക്, വൈദ്യുതി-വെള്ളം വിതരണകമ്പനിയായ ദേവ എന്നിവയുടെ ഓഹരികൾ കഴിഞ്ഞവർഷങ്ങളിൽ സമാനമായ രീതിയിൽ ഓഹരി വിപണിയിൽ പൊതുജനങ്ങൾക്ക് വിറ്റഴിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് പുതിയ നീക്കം സജീവമായിരിക്കുന്നത്. അബ്ദുൽ മൊഹ്‌സിൻ ഇബ്രാഹിം യൂനിസ് അധ്യക്ഷനായ ‘ദുബായ് ടാക്സി കമ്പനി’യുടെ ഡയറക്ടർ ബോർഡ് രൂപീകരിച്ചുകൊണ്ട് ശൈഖ് ഹംദാനാണ് എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രമേയം (92) പുറത്തിറക്കിയത്. അഹമ്മദ് അലി അൽ കാബിയാണ് ബോർഡിന്റെ വൈസ് ചെയർമാനായി പ്രവർത്തിക്കുക. ഷെഹാബ് ഹമദ് അബു ഷെഹാബ്, യൂസഫ് അഹമ്മദ് ബിൻ ഗലൈത, ഡോ. ഹനാൻ സുലൈമാൻ അൽ സുവൈദി, അബ്ദുല്ല മുഹമ്മദ് ബിൻ ദമിതാൻ, ഇസ അബ്ദുല്ല ബിൻ നത്തൂഫ് എന്നിവരാണ് മറ്റ് ബോർഡ് അംഗങ്ങൾ.

ദുബൈയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മേഖലയായ ദുബൈ ടാക്സിയുടെ ഷെയറുകൾ ഓഹരി വിപണിയിലേക്ക് എത്തുന്നതോടെ വലിയ പ്രതീക്ഷയിലാണ് നിക്ഷേപകർ. കൂടുതൽ വിവരങ്ങൾ അധികം താമസിയാതെ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *