മക് ഡൊണാള്‍ഡ്സ് ബര്‍ഗറില്‍ ഇ- കോളി ബാക്ടീരിയ; ഒരാള്‍ മരിച്ചു, പണിതന്നത് ഉള്ളിയെന്ന് റിപ്പോര്‍ട്ട്

E-coli bacteria in McDonald's burgers; One person died, reportedly caused by onion

 

വാഷിങ്ടൺ: പ്രമുഖ ഫുഡ് ബ്രാന്റായ മക് ഡൊണാൾഡ്‌സിനെ വലച്ച് ഇ കോളി ബാക്ടീരിയ ഭക്ഷ്യ വിഷബാധ. കഴിഞ്ഞ ദിവസം മക് ഡൊണാൾഡ്‌സിന്റെ ക്വാർട്ടർ പൗണ്ടർ ബർഗർ കഴിച്ചതിന് പിന്നാലെ ഒരാൾ മരിക്കുകയും 49 പേർക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാവുകയും പത്തു പേർ ആശുപത്രിയിലാവുകയും ചെയ്തിരുന്നു. ബർഗറിലുണ്ടായിരുന്ന ഇ കോളി ബാക്ടീരിയയാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. 10 സ്റ്റേറ്റുകളിൽ ഭക്ഷ്യ വിഷബാധയുണ്ടായതായാണ് യു എസ് രോഗ നിയന്ത്രണ സമിതി പുറത്തുവിട്ട വിവരം.

രോഗബാധിതരായ എല്ലാവരും അസുഖത്തിന് തൊട്ടുമുമ്പായി മക് ഡൊണാൾഡ്‌സിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നുവെന്ന് യു എസ് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഇതിൽ മിക്കവരും ക്വാർട്ടർ പൗണ്ടർ ബർഗർ കഴിച്ചതായി അറിയിച്ചിട്ടുണ്ട്. ബർഗറിലെ ചേരുവ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. എന്നാൽ ബർഗറിനകത്ത് ഉപയോഗിച്ച ഉള്ളി, ബീഫ് എന്നിവയായിരിക്കാം ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയതെന്നാണ് കരുതുന്നത്.

കൊളറാഡോ, നെബ്രാസ്‌ക, ഒറിഗോൺ, യൂട്ടാ, വിസ്‌കോൺസിൻ, വ്യോമിങ് തുടങ്ങി പത്തോളം സ്റ്റേറ്റുകളിലാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കൊളറാഡോ, നെബ്രാസ്‌ക എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. അതേസമയം മുൻകരുതലെന്നോണം ഇവിടങ്ങളിലെ ഉള്ളിയും മാംസങ്ങളും മക് ഡൊണാൾഡ്‌സ് നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ മെനുവിൽ നിന്നും താൽകാലികമായി ക്വാർട്ടർ പൗണ്ടർ ബർഗർ പിൻവലിച്ചു. ഭക്ഷ്യ വിഷബാധ വാർത്തകൾ പുറത്തുവന്നതോടെ മക് ഡൊണാൾഡ്‌സിന്റെ ഓഹരി മൂല്യം ഇടിഞ്ഞു. ആറ് ശതമാനത്തോളം ഇടിവ് നേരിട്ടതായാണ് റിപ്പോർട്ടുകൾ.

മനുഷ്യരുടേയും മൃഗങ്ങളുടേയും കുടലിലും വിസർജ്യത്തിലും സാധാരണയായി കാണപ്പെടുന്ന ഒരുതരം ബാക്ടീരിയയാണ് എഷെറിക്കീയ കോളി. ഇ- കോളിയുടെ ഭൂരിഭാഗം ഇനങ്ങളും നിരുപദ്രവകാരികളാണെങ്കിലും ചിലത് ഭക്ഷ്യജന്യ രോഗങ്ങൾക്ക് ഇടയാക്കാറുണ്ട്. ഭക്ഷ്യ വിഷബാധ ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. ഇ- കോളി STEC O145 എന്ന ഷിഗ ടോക്‌സിന്‍ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. വയറുവേദന, വയറിളക്കം, ഛര്‍ദി എന്നിവയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളോടൊപ്പം ഇത് ഗുരുതരമായ ഭക്ഷ്യവിഷബാധ സംബന്ധിയായ രോഗത്തിന് കാരണമാകും. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ആരോ​ഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *