മലപ്പുറത്ത് സയന്‍സ് ബാച്ച് നല്‍കേണ്ടെന്ന് നേരത്തെ തീരുമാനിച്ചു; പ്ലസ് വണ്‍ അധിക ബാച്ചില്‍ സര്‍ക്കാര്‍ കള്ളക്കളി
മലപ്പുറം: പ്ലസ് വണ്‍ അധിക ബാച്ച് അനുവദിച്ചതില്‍ കള്ളക്കളിയുമായി സര്‍ക്കാര്‍. മലപ്പുറത്ത് സയന്‍സ് ബാച്ച് നല്‍കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചു. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകള്‍ എത്രയെണ്ണം നല്‍കണമെന്ന റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചതെന്ന് മലപ്പുറം ആര്‍.ഡി.ഡി ഡോ. പി.എം അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സപ്ലിമെന്ററി അലോട്ട്‌മെന്റ് പുറത്തുവിട്ട ശേഷം മലപ്പുറത്ത് 9,731 കുട്ടികള്‍ക്ക് സീറ്റില്ലെന്നു കണക്കുകള്‍ പുറത്തുവന്നിരുന്നു. 195 അധിക ബാച്ചുകള്‍ ജില്ലയിലേക്ക് ആവശ്യമായിരുന്നു. ഇതില്‍ കഴിഞ്ഞ ദിവസം 120 ബാച്ചുകളാണു സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഇപ്പോഴും 2,000ത്തിലധികം പുറത്ത് സീറ്റിനായി കാത്തിരിക്കുകയാണ്.
ഇതിനിടയിലാണ് ജില്ലയില്‍ അധിക ബാച്ച് അനുവദിക്കുമ്പോള്‍ സയന്‍സ് വേണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന വിവരം ഇപ്പോള്‍ പുറത്തുവരുന്നത്. സീറ്റ് അപര്യാപ്തത പഠിക്കാന്‍ നിയോഗിച്ച രണ്ടംഗ കമ്മിഷനു മുന്‍പില്‍ ഇക്കാര്യം നേരത്തെ തെേന്ന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നുവെന്നാണ് അറിയുന്നത്. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകള്‍ എത്രയെണ്ണത്തിന്റെ കുറവാണുള്ളതെന്നു നോക്കി അറിയിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.
പുതിയ സയന്‍സ് ബാച്ചുകള്‍ അനുവദിക്കുന്നത് അധിക ചെലവുണ്ടാക്കുന്നതാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലാബ് സൗകര്യം ഒരുക്കേണ്ടതുണ്ട്. അതിനുള്ള ഉപകരണങ്ങള്‍ നല്‍കുകയും അസിസ്റ്റന്റിനെ അനുവദിക്കുകയും വേണ്ടിവരും. ഇതു വലിയ സാമ്പത്തികബാധ്യതയാകുമെന്നാണു സര്‍ക്കാര്‍ പക്ഷം. താല്‍ക്കാലിക ബാച്ചിനായി കൂടുതല്‍ പണം മുടക്കേണ്ടതില്ലെന്ന തീരുമാനമാണ് സയന്‍സ് ബാച്ചുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ കാരണം. സയന്‍സ് ലഭിക്കാതെ ജില്ലയില്‍ നിരവധി വിദ്യാര്‍ഥികള്‍ നിരാശയിലാണ്.
അതേസമയം, പ്രവേശനം നേടാത്ത വിദ്യാര്‍ഥികളെ ഒഴിവാക്കിയാണ് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തിയതെന്ന് ആര്‍.ഡി.ഡി സമ്മതിച്ചു. മലപ്പുറത്ത് ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകള്‍ എത്രയെണ്ണം അനുവദിക്കണമെന്ന റിപ്പോര്‍ട്ടാണു സര്‍ക്കാര്‍ നല്‍കാന്‍ നിര്‍ദേശിച്ചതെന്നും ഡോ. പി.എം അനില്‍ പറഞ്ഞു.
നേരത്തെ അപേക്ഷിച്ച് ഇഷ്ട സ്‌കൂളും കോഴ്‌സും ലഭിക്കാത്തതിനാല്‍ പ്രവേശനം നേടാത്ത വിദ്യാര്‍ഥികളെ ഒഴിവാക്കിയാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തിയതെന്ന് പി.എം അനില്‍ സമ്മതിച്ചു. മലപ്പുറത്ത് മാത്രം 7,500ഓളം വിദ്യാര്‍ഥികള്‍ ഈ രീതിയില്‍ പുറത്തായിട്ടുണ്ട്.