പതിറ്റാണ്ടുകളായിട്ടും പണിതീരാതെ എടവണ്ണയിലെ സാംസ്കാരിക നിലയം

പണി പൂർത്തിയാകാതെ കിടക്കുന്ന എടവണ്ണയിലെ സാംസ്കാരിക നിലയം
എടവണ്ണ: പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും എടവണ്ണയിലെ സാംസ്കാരിക നിലയത്തിന്റെ നിർമാണം പൂർത്തിയാകാതെ കിടക്കുന്നു. 1955 ൽ എടവണ്ണയിലെ യുവാക്കൾ ചേർന്ന് വാടകക്കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയതാണ് ഗ്രന്ഥാലയം. വാടക കുടിശ്ശിക കൊടുക്കാനാവാതെ വന്നതോടെ ഗ്രന്ഥാലയം പൂട്ടേണ്ടി വന്നു. 1982 ൽ രാഷ്ട്രീയ ഭേദമന്യേ യുവാക്കൾ ചേർന്ന് കുടിശ്ശിക കൊടുത്തുതീർത്ത് പ്രവർത്തനം പുനരാരംഭിച്ചു.
ഇവർക്കും അധികകാലം മുന്നോട്ട് കൊണ്ടുപോകാനായില്ല. ഇതേ കമ്മിറ്റി വിവിധ പരിപാടികൾ സംഘടിപ്പിച്ചും സിനിമ പ്രദർശനം നടത്തിയും പണം സ്വരൂപിച്ച് എടവണ്ണ ടൗണിനോട് ചേർന്ന് അഞ്ച് സെന്റ് സ്ഥലം വാങ്ങി. ഈ സ്ഥലം പഞ്ചായത്തിന് കൈമാറി. പിന്നീട് സി.എൻ.ജി റോഡിനോട് ചേർന്ന് പുതിയ സ്ഥലം വാങ്ങി. സീതിഹാജി സ്മാരക സാംസ്കാരിക നിലയം എന്ന് പേര് നൽകി.
15 വർഷം മുമ്പ് പി.കെ. ബഷീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഫണ്ടനുവദിച്ചാണ് മൂന്ന് നില കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും നിർമാണം പാതിവഴിയിലാണ്. വാടകകെട്ടിടത്തിൽ അലമാരയിലും മറ്റും സൂക്ഷിച്ചിരുന്ന പുസ്തകങ്ങൾ നശിക്കുകയാണ്. പൊതുമരാമത്ത് മന്ത്രിയായ പി.കെ. ബഷീറിന്റെ പിതാവ് സീതിഹാജിയുടെ പേരിലുള്ള സാംസ്കാരിക നിലയം ഇന്ന് തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി മാറിയിരിക്കുകയാണ്.
