സമരത്തിന്റെ എണ്‍പത്തിയഞ്ചാം ദിനം: മനുഷ്യച്ചങ്ങല സംഘടിപ്പിച്ച് മുനമ്പം സമരസമിതി; അണിനിരന്നത് 25000ത്തോളം പേര്‍
റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുനമ്പം നിവാസികളുടെ സമരത്തിന്റെ എണ്‍പത്തിയഞ്ചാം ദിനത്തില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ച് സമരസമിതി. വൈപ്പിന്‍ ബീച്ച് മുതല്‍ മുനമ്പം സമരപ്പന്തല്‍ വരെ 25000 ത്തോളം ആളുകളാണ് മനുഷ്യ ചങ്ങലയുടെ ഭാഗമായത്. സമരം 90ാം ദിവസത്തിലേക്ക് എത്തുമ്പോള്‍ സര്‍ക്കാരിന്റെ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുനമ്പം ജനത.Samara Samiti
നഷ്ടപ്പെട്ട് പോയ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യം മാത്രമാണ് എണ്‍പത്തിയഞ്ചാം ദിനത്തിലും ഇവര്‍ക്കുള്ളത്. വരാപ്പുഴ അതിരൂപത, കൊച്ചി അതിരൂപത, എറണാകുളം അങ്കമാലി അതിരൂപത, എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങി എല്ലാവരും മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി എത്തി. വൈപ്പിന്‍ ബീച്ച് മുതല്‍ ആരംഭിച്ച മനുഷ്യ ചങ്ങലയുടെ ആദ്യകണ്ണി വരാപ്പുഴ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ ജോസഫ് കളത്തിപ്പറമ്പില്‍ ആയിരുന്നു.
മനുഷ്യചങ്ങലയ്ക്ക്‌ശേഷം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു. പുതുവത്സരം നല്ല കാലത്തിന്റെ തുടക്കം എന്ന് ഫാദര്‍ ആംബ്രോസ് പുത്തന്‍വീട് പറഞ്ഞു. അതേസമയം, സി എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ചതോടുകൂടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടായെന്ന് മുനമ്പം നിവാസികള്‍ പറഞ്ഞു.