തെരഞ്ഞെടുപ്പ് പരിശോധന: മലപ്പുറത്തുനിന്ന് 4,25,85,137 രൂപ പിടിച്ചെടുത്തു
മലപ്പുറം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വിവിധ സ്ക്വാഡുകളുടെ പരിശോധനയില്‍ മലപ്പുറം ജില്ലയില്‍ 4,25,85,137 രൂപയുടെ പണവും മദ്യവും മയക്കുമരുന്നുകളും മൊബൈല്‍ ഫോണുകളും മറ്റു വസ്തുക്കളും പിടികൂടി. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ പൊലീസ്, എക്സൈസ്, ഇന്‍കം ടാക്സ്, സെന്‍ട്രല്‍ ഗുഡ് ആന്‍ഡ് സര്‍വിസസ് ടാക്സ് (സി.ജി.എസ്.ടി), ഡി.ആര്.ഐ, ഫ്ലൈയിങ് സ്ക്വാഡ്, എസ്.എസ്.ടി എന്നിവ നടത്തിയ പരിശോധനയിലാണ് വസ്തുക്കള്‍ പിടികൂടിയത്.
പൊലീസ് പരിശോധനയില്‍ 60.42 ലക്ഷം രൂപ, 30 ലിറ്റര്‍ മദ്യം, കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, മെത്താഫിറ്റാമിന്‍, ഹാന്‍സ് തുടങ്ങിയവ ഉള്‍പ്പെടെ 4098. 46 ഗ്രാം മയക്കുമരുന്ന്. 4383 ഹാന്‍സ് പാക്കറ്റ്, 30 ഐ ഫോണുകള്‍, വിവിധ തരത്തിലുള്ള പടക്കങ്ങളും 15 ബോക്സുകള്‍, ഇലക്ട്രോണിക് അല്ലാത്ത 40 ഡിറ്റണേറ്ററുകള്‍, 49 ജലാറ്റിന്‍ സ്റ്റിക്കുകള്‍. ഒരു നാടന്‍ തോക്ക്, ആറ് വെടിയുണ്ടകള്‍ എന്നിവ പിടികൂടി. ആകെ 81.43172 ലക്ഷം രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്.
ഇന്‍കം ടാക്സ് ടീം 87. 448 ലക്ഷം രൂപ പിടിച്ചെടുത്തു. എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 62.691 ലക്ഷം രൂപയും 775. 77 ലിറ്റര്‍ മദ്യവും കഞ്ചാവും എം.ഡി.എം.എയും മെത്താഫെറ്റാമിനുമടക്കം 8952.053 കി. ഗ്രാം മയക്കുമരുന്നും കണ്ടെത്തി. നാല് കഞ്ചാവ് ചെടിയും കണ്ടെത്തി നടപടിയെടുത്തു. ആകെ 78.65 ലക്ഷം രൂപ യുടെ വസ്തുക്കളാണ് പിടിച്ചത്. സി.ജി.എസ്.ടി പരിശോധനയില്‍ രണ്ട് ഡ്രോണുകള്‍ പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പരിശോധനയില്‍ 1.65 കോടി വില വരുന്ന 36,74,000 സിഗരറ്റ് പിടികൂടി. എസ്.എസ്.ടി നടത്തിയ പരിശോധനയില്‍ 8.45 ലക്ഷം രൂപയും പിടിച്ചെടുത്തു.
നിയമസഭ തെരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ പരിശോധനയിൽ 650 കോടിയിലധികം രൂപയുടെ അനധികൃത പണവും മറ്റു വസ്തുക്കളും പിടിച്ചെടുത്തു. പരിശോധനകൾക്കിടയിൽ പണം, മദ്യം, മയക്കുമരുന്ന്, സ്വർണം തുടങ്ങിയവയാണ് എൻഫോഴ്സ്മെന്റ് ഏജൻസികൾ കണ്ടെടുത്തത്. ഇതുവരെ മൊത്തം 651.51 കോടിയുടെ വസ്തുവകകളാണ് പിടിച്ചെടുത്തതെന്ന് കമീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ വരുന്ന 319 കോടിയുടെ വസ്തുക്കൾ പിടിച്ചെടുത്തത് പശ്ചിമ ബംഗാളിൽനിന്നാണെന്ന് കമീഷൻ വ്യക്തമാക്കി.
കേരളത്തിൽനിന്ന് ഇതുവരെ പിടികൂടിയത് 58 കോടിയുടെ വസ്തുവകകളാണ്. എട്ടു കോടി രൂപയുടെ കറന്‍സി, രണ്ടു കോടി രൂപ വിലമതിക്കുന്ന 68,432 ലിറ്റർ മദ്യം, 41 കോടി രൂപ വരുന്ന മയക്കുമരുന്ന്, ഒരു കോടി രൂപയോളം വരുന്ന അമൂല്യ ലോഹങ്ങൾ, സൗജന്യ വിതരണത്തിനായി കടത്തിയ അഞ്ചു കോടി രൂപയുടെ വസ്തുക്കൾ എന്നിവയാണ് കേരളത്തിലെ പിടികൂടിയവയുടെ കണക്ക്. തമിഴ്നാട്-170 കോടി, അസം -97 കോടി, കേരളം -58 കോടി, പുതുച്ചേരി -7 കോടി എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഇടങ്ങളിൽനിന്ന് ഇതുവരെ കണ്ടെത്തിയതെന്ന് കമീഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
230 കോടി രൂപ മയക്കുമരുന്ന്, 79.3 കോടി രൂപ വരുന്ന മദ്യം (29.63 ലക്ഷം ലിറ്റർ), 58 കോടി വിലമതിക്കുന്ന സ്വർണം അടക്കമുള്ള ലോഹങ്ങൾ, രേഖകളില്ലാത്ത 53.2 കോടി, സൗജന്യങ്ങൾക്കായി എത്തിച്ച 231.01 കോടിയുടെ വസ്തുക്കൾ എന്നിവയാണ് നാല് സംസ്ഥാനങ്ങളിൽനിന്നും ഒരു കേന്ദ്ര ഭരണപ്രദേശത്തുനിന്നുമായി ആകെ കണക്കുകൾ. മാർച്ച് 15ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നു. കഴിഞ്ഞമാസം 26 മുതലുള്ള കണക്കാണിത്.
