എരഞ്ഞിപാലം ഫസീല കൊലപാതകം; പ്രതി സനൂഫിനെ ചെന്നൈയിൽ വച്ച് പിടികൂടി

Eranjipalam Faseela murder; Accused Sanoof arrested in Chennai

 

കോഴിക്കോട്: എരഞ്ഞിപാലത്തെ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. പ്രതി അബ്ദുൽ സനൂഫിനെ ചെന്നൈ ആവഡിയിൽ വച്ചാണ് പിടികൂടിയത്. സനൂഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ചയാണ് മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്, കൊലപാതകമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. യുവതിയുടെ കൂടെയുണ്ടായിരുന്ന തൃശൂർ സ്വദേശി അബ്ദുൽ സനൂഫിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കുകയായിരുന്നു.

ജോലിക്കെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും മകളുടെ മരണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും ഫസീലയുടെ പിതാവ് പറഞ്ഞിരുന്നു. സനൂഫിനെതിരെ ഫസീല നേരത്തേ ഒറ്റപ്പാലത്ത് പീഡനക്കേസ് നൽകിയിരുന്നു. അതേസമയം, സനൂഫ് ലോഡ്ജിൽ നൽകിയ ഫോൺ നമ്പറും മേൽവിലാസവും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇരുപത്തിനാലാം തീയതിയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുക്കുന്നത്. ഞായറാഴ്ച രാത്രി 10 മണിയോടെ ലോഡ്ജിൽ നിന്നും പുറത്ത് പോയ യുവാവ് പിന്നീട് തിരിച്ചുവന്നില്ല. സനൂഫ് ഉപയോഗിച്ച കാർ പാലക്കാട് ചക്കാന്തറയിൽ നിന്നും കണ്ടെത്തി. ഈ കാർ മറ്റൊരു വ്യക്തിയുടേതാണ്. മുറിയിൽ നിന്നും ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *