പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാവിന്റെ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ്

ആലപ്പുഴ: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്ത യുവാവിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ലജ്നത്ത് വാർഡ് സ്വദേശി അഹമ്മദ് കബീറിന്റെ ഫോണാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടിച്ചെടുത്തത്. വിദേശത്തുള്ള ഒരു പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ അസാധാരണ നടപടി. വാര്‍ത്ത വന്നതിന് പിന്നാലെയാണ് അഹമ്മദ് കബീറിന് പൊലീസ് ഫോണ്‍ തിരികെ നല്‍കിയത്.

രാത്രികാലങ്ങളിൽ നിരന്തരം കറന്റ് പോകുന്നതുമൂലം കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണ്ടാണ് താൻ ഇത്തരമൊരു പോസ്റ്റ് ഇട്ടതെന്നാണ് അഹമ്മദ് കബീർ മീഡിയവണിനോട് വിശദീകരിച്ചത്. അദ്ദേഹത്തിന്റെ വീട് ഒരു തോടിന്റെ സമീപത്തായതിനാൽ അവിടെ കടുത്ത കൊതുക് ശല്യവുമുണ്ട്. രാത്രി പത്തരയ്ക്കും പിന്നീട് പുലർച്ചെ രണ്ടരയ്ക്കും കറന്റ് പോയതോടെ തന്റെ മൂന്ന് ചെറിയ മക്കളെയും ഒരു പോർട്ടബിൾ ഫാനിന്റെ ചുവട്ടിലിരുത്തി ഉറക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. മുമ്പെങ്ങുമില്ലാത്ത വിധം കറന്റ് പോകുന്നുണ്ടെന്നും, ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്നുമാണ് വിഡിയോയിലൂടെ ഇദ്ദേഹം ആവശ്യപ്പെട്ടത്.

താനൊരു സാധാരണക്കാരനാണെന്നും, വിഡിയോയിൽ ‘പൂക്കി’ എന്നൊരു പദം ഉപയോഗിച്ചതിനാലാകാം തനിക്കെതിരെ പരാതി നൽകിയതെന്നുമാണ് അഹമ്മദ് കബീർ സംശയിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പൊലീസ് ഇദ്ദേഹത്തിന്റെ ഫോൺ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ അപ്പോൾ കാരണം വ്യക്തമാക്കിയിരുന്നില്ല. പിന്നീട് പിറ്റേന്ന് രാവിലെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയപ്പോഴാണ് പവർകട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിമർശിച്ചതിനാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കിയത്.

ഫോൺ പ്രാഥമികമായി പരിശോധിച്ച പൊലീസ്, ഇതിൽ അശ്ലീലമായോ ദുരുദേശപരമായോ യാതൊരു കണ്ടന്റും കണ്ടെത്താനായിട്ടില്ല എന്ന് സമ്മതിച്ചിട്ടുണ്ട്. അതിനാൽ സംഭവത്തിൽ നിലവിൽ കേസെടുക്കാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇദ്ദേഹം ആലപ്പുഴയിലെ പിഡിപി പ്രവർത്തകൻ കൂടിയാണ്. വിവരമറിഞ്ഞ് പിഡിപി നേതാക്കളും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *