ബെഡുകൾ നിലത്തിട്ട് ഫീൽഡിങ് പരിശീലനം; പാക് ക്രിക്കറ്റ് ബോർഡിനെ ട്രോളി ആരാധകർ
ഇസ്‌ലാമാബാദ്: ക്രിക്കറ്റിൽ ഫീൽഡിങിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് തെളിയിച്ച മത്സരമായിരുന്നു ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 ഫൈനൽ. ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിൽ ബൗണ്ടറി ലൈനിൽ ഡേവിഡ് മില്ലറുടെ ക്യാച്ച് അവിശ്വസനീയമാംവിധം കൈയിലൊതുക്കിയ സൂര്യകുമാർ യാദവിന്റെ ദൃശ്യങ്ങൾ ഇന്നും മറക്കാനാകില്ല. ലോകകപ്പ് കിരീടംകൂടിയാണ് ഈ ക്യാച്ചിലൂടെ സ്‌കൈ കൈപിടിയിലൊതുക്കിയത്.Cricket
ഫീൽഡിങിൽ സമീപകാലത്ത് മോശം പ്രകടനം നടത്തുന്ന ടീമാണ് പാകിസ്താൻ. താരങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതും ക്യാച്ചുകൾ നഷ്ടപ്പെടുത്തുന്നതുമെല്ലാം സ്ഥിരം സംഭവങ്ങൾ. ഇപ്പോഴിതാ പാക് ടീമിന്റെ ഫീൽഡിങ് പരിശീലനത്തെ ട്രോളി ആരാധകർ രംഗത്തെത്തിയത്. പഴഞ്ചൻ രീതികളാണ് പാക് ക്രിക്കറ്റ് ബോർഡ് ഇപ്പോഴും തുടരുന്നതെന്ന് ആരാധകർ പറഞ്ഞു. പഴയ ബെഡുകൾ നിരത്തിയിട്ട്‌കൊണ്ട് താരങ്ങൾക്ക് പരിശീലകനം നൽകുന്ന വീഡിയോ പ്രചരിപ്പിച്ചാണ് ടീമിനെതിരെ ആരോപണമുയർത്തിയത്. ട്വന്റി 20 ലോകകപ്പിന് ശേഷം നാട്ടിൽതിരിച്ചെത്തിയ ടീമിന്റെ പരിശീലന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ടീമിന്റെ മോശം നിലവാരമാണ് ഇത് പ്രകടമാക്കുന്നതെന്ന് ആരാധകർ കുറ്റപ്പെടുത്തി.
ട്വന്റി 20 ലോകകപ്പിൽ അമേരിക്കയോടും ഇന്ത്യയോടും തോൽവി വഴങ്ങിയ പാക് ടീം ഗ്രൂപ്പ് ഘട്ടത്തിൽതന്നെ തോറ്റ് പുറത്തായിരുന്നു. അമേരിക്കക്കെതിരായ മത്സരത്തിൽ സൂപ്പർ ഓവറിൽ ടീം തോൽക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത് ഫീൽഡിങിലെ പ്രശ്‌നങ്ങളായിരുന്നു. ഇത്തരം സൗകര്യങ്ങളിൽ പരിശീലിക്കുന്ന ടീമിൽ നിന്ന് ഇതിൽകൂടുതൽ പ്രതീക്ഷിക്കാനില്ലെന്നാണ് മുൻ പാക് താരങ്ങളടക്കം പറയുന്നത്.