ഒടുവിൽ ക്രിസ്റ്റ്യാനോ സൗദിയിൽ പറന്നിറങ്ങി; ഇന്ന് വൈകീട്ട് റിയാദിൽ സ്വീകരണം

സ്ഥിരതാമസത്തിന് കൊട്ടാരം സജ്ജമാകും വരെ റിയാദിലെ പ്രശസ്തമായ ഹോട്ടലിലായിരിക്കും ക്രിസ്റ്റ്യാനോ താമസിക്കുക

 

റിയാദ്: ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് അൽ-നസ്ർ സ്വന്തമാക്കിയ സൂപ്പർ താരം സൗദിയിലെത്തി. മാധ്യമങ്ങൾക്കോ ആരാധകർക്കോ വിമാനത്താവള പരിസരത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഭാര്യ, മക്കൾ, നിയമോപദേശകർ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം പ്രത്യേക വിമാനത്തിലാണ് ക്രിസ്റ്റ്യാനോ ഇന്നലെ റിയാദിലെത്തിൽ ഇറങ്ങിയത്.

അവസാന മെഡിക്കൽ ടെസ്റ്റിന് ഇന്ന് ക്രിസ്റ്റ്യാനോ വിധേയനാകും. ശേഷം വൈകീട്ട് ഏഴിന് അൽ-നസ്ർ ക്ലബിന്റെ ഹോംഗ്രൗണ്ടിൽ സ്വീകരണമാണ്. മർസൂൽ എന്നറിയപ്പെടുന്ന കിങ് സഊദ് സർവകലാശാലാ സ്റ്റേഡിയമാണ് അൽ-നസ്ർ ക്ലബ്ബിന്റെ ഹോംഗ്രൗണ്ട്. സ്ഥിരതാമസത്തിന് കൊട്ടാരം സജ്ജമാകും വരെ റിയാദിലെ പ്രശസ്തമായ ഹോട്ടലിലായിരിക്കും ക്രിസ്റ്റ്യാനോ താമസിക്കുക.

പരസ്യയിനത്തിലടക്കം 200 മില്യൺ ഡോളർ വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് ക്രിസ്ത്യാനോയുടെ കരാർ. ജനുവരി 21ന് മർസൂൽ പാർക്കിൽ അൽ-ഇത്തിഫാഖ് ക്ലബിനെതിരെ നടക്കുന്ന കളിയിൽ ക്ലബിനുവേണ്ടി റൊണാൾഡോ കളത്തിലിറങ്ങും.

താരത്തിന്റെ ഏഴാം നമ്പർ അൽ-നസ്ർ ജഴ്‌സി ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. ഒരു ജഴ്‌സിക്ക് വില 414 റിയാലാണ്. 48 മണിക്കൂറിനിടെ 20 ലക്ഷത്തിലേറെ ജഴ്‌സികളാണ് സൗദിയിൽ വിറ്റുപോയത്. ഇതുവഴി മാത്രം അൽ-നസ്ർ ക്ലബിന് രണ്ടു ദിവസത്തിനിടെ 82 കോടി റിയാലാണ് കിട്ടിയത്. ക്രിസ്റ്റ്യാനോയെ സ്വാഗതംചെയ്ത് റിയാദിലുടനീളം പരസ്യബോർഡുകളും ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *