ഹൈദരാബാദിനെ എറിഞ്ഞിട്ട് കൊൽക്കത്ത; വരുൺ ചക്രവർത്തിക്ക് 3 വിക്കറ്റ്, സൺറൈസേഴ്‌സ് 165ന് പുറത്ത്

ഹൈദരാബാദ്: രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബൗളിങ് കരുത്തിന് മുന്നിൽ പതറി സൺറൈസേഴ്‌സ് ഹൈദരാബാദ്. വരുൺ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ബോളിങ് നിര ആതിഥേയരെ 19 ഓവറിൽ 165 റൺസിന് കൂടാരം കയറ്റി. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിര തകർന്നതാണ് ഹൈദരാബാദിന് തിരിച്ചടിയായത്.

വെടിക്കെട്ട് വീരൻ അഭിഷേക് ശർമ (15) വേഗത്തിൽ മടങ്ങിയെങ്കിലും ട്രാവിസ് ഹെഡും (61) ഇഷാൻ കിഷനും (42) ചേർന്ന് ഹൈദരാബാദിന് ഭേദപ്പെട്ട അടിത്തറ നൽകി. ഹെഡ് വെറും 28 പന്തിൽ നിന്നാണ് 61 റൺസ് അടിച്ചുകൂട്ടിയത്. എന്നാൽ ഇവർക്ക് ശേഷം വന്ന ഹെന്റിച്ച് ക്ലാസൻ, രവിചന്ദ്രൻ സ്മരാൻ, പാറ്റ് കമിൻസ് എന്നിവരുൾപ്പെടെയുള്ളവർക്ക് തിളങ്ങാനായില്ല.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയാണ് ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ചത്. സുനിൽ നരെയ്ൻ, കാർത്തിക് ത്യാഗി എന്നിവർ രണ്ട് വിക്കറ്റ് വീതവും വൈഭവ് അറോറ, കാമറൂൺ ഗ്രീൻ, അൻകുൽ റോയ് എന്നിവർ ഓരോ വിക്കറ്റും നേടി.