ഫൈനലിലേക്കിനി ഒറ്റപ്പോര്; ചാമ്പ്യൻസ് ലീഗ് സെമി രണ്ടാം പാദം ഇന്നും നാളെയും

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ചൊവ്വാഴ്ച ആഴ്സനലും അത്ലറ്റിക്കോ മഡ്രിഡും ഏറ്റുമുട്ടും. മഡ്രിഡിൽ നടന്ന ഒന്നാംപാദ കളി 1-1 സമനിലയിൽ കലാശിച്ചതിനാൽ ഇന്ന് ഒറ്റ ഗോൾ വ്യത്യാസത്തിലും ജയിക്കുന്നവർക്ക് ഫൈനലിൽ കടക്കാം. ചാമ്പ്യൻസ് ലീഗ് സീസണിൽ ഇതുവരെ തോൽവി അറിയാത്ത ഗണ്ണേഴ്സ് സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ പോരാട്ടത്തിനിറങ്ങുന്നത് കന്നിക്കിരീടം മനസ്സിൽക്കണ്ടാണ്. സമാന ലക്ഷ്യമുള്ള അത്ലറ്റിക്കോക്ക് ആഴ്സനലിനെ മറികടക്കാൻ വിയർപ്പൊഴുക്കേണ്ടിവരും. ബുധനാഴ്ച രണ്ടാം സെമിയിൽ ബയേൺ മ്യൂണിക്കിനെ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയും നേരിടും.
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ് ആഴ്സനൽ. കഴിഞ്ഞ ദിവസം ഇവർ ഫുൾഹാമിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്തു. വിക്ടർ ഗ്യോകറസ്, ബുക്കായോ സാക്ക തുടങ്ങിയവരുടെ ഫോം പീരങ്കിപ്പടക്ക് കരുത്താണ്. പ്രതിരോധത്തിന് ഊന്നൽ നൽകുന്ന ശൈലിയാണ് അത്ലറ്റിക്കോയുടേത്. ജൂലിയൻ അൽവാരസിന്റെയും അന്റോയിൻ ഗ്രീസ്മാന്റെയും പ്രത്യാക്രമണങ്ങൾ ആഴ്സനലിന് വെല്ലുവിളിയാവും. പാരിസിൽ നടന്ന ഒന്നാംപാദത്തിൽ ബയേണിനെ 5-4ന് വീഴ്ത്തിയിരുന്നു പി.എസ്.ജി. മ്യൂണിക്കിലെ അലയൻസ് അറീനയിലാണ് രണ്ടാംപാദം. വിജയിക്കുന്നവർ ഹംഗറിയിലെ ബുഡപെസ്റ്റിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടും.
