ഇടവേളക്കു ശേഷം സീരീ എ ചാമ്പ്യന്മാരായി ഇന്റർ മിലാൻ

മിലാൻ : ഇടവേളക്കു ശേഷം ഇറ്റാലിയിൻ കിരീടം തൂക്കി നെറാസൂറികൾ. ഒന്നാം ഡിവിഷനായ സീരീ എ-യിൽ 21ാം തവണ ചാമ്പ്യന്മാരായി ഇന്റർ മിലാൻ. സാൻ സിറോ സ്റ്റേഡിയത്തിലെ നീലക്കടലിന് മുന്നിൽ സന്ദർശകരായ പാർമയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് മുക്കിയാണ് ഇന്ററിന്റെ വാഴ്ച.
കിരീടം ഉറപ്പിക്കാൻ സമനില മാത്രം മതിയായിരുന്ന ഇവർ മൂന്ന് റൗണ്ടുകൾ ബാക്കിനിൽക്കെയാണ് ജേതാക്കളായത്. നിലവിലെ ചാമ്പ്യന്മാരായ നാപ്പോളിയേക്കാൾ 12 പോയന്റ് ലീഡുണ്ടിപ്പോൾ. 2024ലാണ് ഇന്റർ ഒടുവിൽ കിരീടം നേടിയത്. 36 കിരീടങ്ങളുള്ള യുവന്റസ് മാത്രമാണ് ഇനി ഇന്ററിന് മുന്നിൽ.
പാർമക്കെതിരായ 35ാം റൗണ്ട് മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മാർക്കസ് തുറാം (45+1) ഇന്ററിനായി ആദ്യ ഗോൾ നേടി. തുടർന്ന് 80ാം മിനിറ്റിൽ വെറ്ററൻ ഹെൻറിഖ് മഖിതാര്യൻ വക രണ്ടാം ഗോളും. പരിക്കിനെത്തുടർന്ന് വിട്ടുനിന്ന ശേഷം പകരക്കാരനായി ഇറങ്ങിയ ലൗതാരോ മാർട്ടിനസ് ആണ് ഈ ഗോളിന് വഴിയൊരുക്കിയത്. ഇന്ററിന്റെ പരിശീലകനായി ആദ്യ സീസണിൽതന്നെ കിരീടം നേടിയ ക്രിസ്റ്റ്യൻ ചിവു, കഴിഞ്ഞ സീസണിൽ താൻ പരിശീലിപ്പിച്ചിരുന്ന പാർമക്കെതിരെത്തന്നെയാണ് ഈ വിജയം നേടിയത്. 2010ൽ ജോസ് മൗറീഞ്ഞോക്ക് കീഴിൽ ട്രെബിൾ കിരീടം നേടിയ ഇന്റർ ടീമിൽ ചിവു അംഗമായിരുന്നു.
ഈ സീസണിൽ രണ്ട് കിരീടങ്ങൾ ലക്ഷ്യമിടുന്ന ഇന്റർ, വരാനിരിക്കുന്ന ഇറ്റാലിയൻ കപ്പ് ഫൈനലിൽ ലാസിയോയെ നേരിടും. അതേസമയം, എ.സി മിലാനും യുവന്റസും ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി പോരാടുകയാണ്. സസുവോളോക്കെതിരെ പത്തുപേരായി ചുരുങ്ങിയ മിലാൻ 2-0ത്തിന് പരാജയപ്പെട്ടു. യുവന്റസ് ആകട്ടെ തരംതാഴ്ത്തപ്പെട്ട ഹെല്ലാസ് വെറോണയോട് 1-1ന് സമനില വഴങ്ങി. പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള മിലാനും (67) നാലാമതുള്ള യുവന്റസും (65) അഞ്ചാം സ്ഥാനത്തുള്ള കോമോയും (62) തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
