സൂപ്പർ ലീഗ് കേരള: തൃശൂരിനെ 3-0ത്തിന് വീഴ്ത്തി കാലിക്കറ്റ്; ഗോളും അസിസ്റ്റുമായി വീണ്ടും മിന്നി മാക്സിമിലാനോ ഉറൂട്ടി

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെന്റിൽ ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തിൽ തകർപ്പൻ വിജയവുമായി കാലിക്കറ്റ് എഫ്.സി. തൃശൂർ മാജിക് എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോൽപിച്ചത്.

ലീഗ് മത്സരങ്ങളിൽ കൂടുതൽ പോയൻറ് നേടിയതിനുള്ള ലീഗ് ഷീൽഡ് സ്വന്തമാക്കിയ കാലിക്കറ്റ് സമ്പാദ്യം 23 പോയന്റാക്കി ഉയർത്തി. കളിയുടെ 15ാം മിനിറ്റിൽ മാക്സിമിലാനോ നിക്കോളാസ് ഉറൂട്ടി നേടിയ ഗോളിലൂടെ കാലിക്കറ്റ് മുന്നിലെത്തി. 52ാം മിനിറ്റിൽ ഉറൂട്ടി നൽകിയ പാസിൽ ലിയനാർഡോ സാന്റോയുടെതായിരുന്നു കാലിക്കറ്റിന്റെ രണ്ടാം ഗോൾ. 79ാം മിനിറ്റിൽ മുഹമ്മദ് റിയാസ് നൽകിയ പാസിൽ എ. ആൻഡ്രൂസ് ആതിഥേയരുടെ മൂന്നാം ഗോൾ നേടി.

34ാം മിനിറ്റിൽ തൃശൂരിന് മികച്ച ഗോൾ അവസരം ലഭിച്ചെങ്കിലും നൈജീരിയൻ താരം വാലന്റൈൻ ചീമേരിയുടെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചു. 38ാം മിനിറ്റിൽ ലഭിച്ച അവസരവും പാഴായി. ഇത്തവണ വാലന്റൈന്റെ പാസിൽ എൻ. എ. അർഷിദ് ഗോളിനു ശ്രമിച്ചെങ്കിലും ഗോൾ പോസ്റ്റ് തൊട്ടുമ്മി പുറത്തേക്ക് പോയി.