സ്വര്‍ണാഭരണം വൃത്തിയാക്കുന്നതിന്റെ മറവില്‍ തട്ടിപ്പ്: ബിഹാര്‍ സ്വദേശി പിടിയില്‍
എടക്കര: സ്വര്‍ണാഭരണം വൃത്തിയാക്കുന്നതിന്റെ മറവില്‍ തട്ടിപ്പ് നടത്തിയ ബിഹാര്‍ സ്വദേശി എടക്കര പൊലീസിന്റെ പിടിയിലായി. റാണിഗഞ്ച് സ്വദേശി ഡൊമാകുമാറാണ് (27) എടക്കര പൊലീസിന്റെ പിടിയിലായത്. മൂത്തേടം കല്‍ക്കുളം സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്. വെള്ളിയാഴ്ച വൈകീട്ട് യുവതിയുടെ വീട്ടിലെത്തിയ ഡൊമാകുമാര് ആഭരണങ്ങള്‍ വൃത്തിയാക്കി നല്‍കാമെന്ന് അറിയിച്ചു. ആദ്യം വെള്ളി പാദസരവും വിളക്കുകളും വൃത്തിയാക്കി നല്കി ഇയാള്‍ വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റി. തുടര്‍ന്ന് യുവതി മൂന്ന് പവന്റെ സ്വര്‍ണമാല വൃത്തിയാക്കാൻ നല്കി.
സ്വര്‍ണമാല രാസലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ ശേഷം തൂക്കം കറഞ്ഞതായി യുവതിക്ക് മനസ്സിലായി. വെള്ളി പാദസരം കഴുകാനുപയോഗിച്ച ലായനിയായിരുന്നില്ല സ്വര്‍ണം കഴുകാന്‍ ഇയാള്‍ ഉപയോഗിച്ചത്. മാലയുടെ തൂക്കം കുറഞ്ഞതോടെ യുവതി ആളുകളെ കൂട്ടി ഡൊമാകുമാറിനെ തടഞ്ഞുവെക്കുകയും എടക്കര പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. എടക്കര ഇൻസ്പെക്ടർ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തിലെ പൊലീസ് സ്ഥലത്തെത്തി സ്വര്‍ണമാല ലയിപ്പിച്ച ദ്രാവകവുമായി ഇയാളെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് ലായനി പരിശോധിച്ചപ്പോള്‍ അതില്‍ സ്വര്‍ണം കണ്ടെത്തി. എസ്.ഐ കെ. അബൂബക്കര്‍, എ.എസ്.ഐ അബ്ദുല്‍ മുജീബ്, സീനിയര്‍ സി.പി.ഒമാരായ സി.എ. മുജീബ്, ശ്രീജ, രതീഷ്, സി.പി.ഒമാരായ സാബിര്‍ അലി, ഷഫീഖ്, സുബീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.