കിനാവിലെ കനൽക്കൂട്ടം! ജോട്ടയുടെ ഓർമകളിൽ റൊണാൾഡോയും സംഘവും ലോകകപ്പിനിറങ്ങുമ്പോൾ

യുവേഫ നേഷൻസ് ലീഗ് കിരീടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ സഹതാരങ്ങൾക്കൊപ്പം (ഫയൽ)

കനലൊരു തരി മതി- പക്ഷേ, കുറെ കനലുകൾ ഒരേസമയം ഒന്നിച്ചു ചേർന്നാലോ? കനൽക്കൂട്ടം മാത്രമല്ല, ഒരു തീജ്വാലതന്നെയാകും അത്! ഫുട്ബാൾ മൈതാനത്ത് അതു സംഭവിക്കുമ്പോൾ നമ്മളവരെ ഗോൾഡൻ ജനറേഷൻ എന്നു വിളിക്കുന്നു. അമ്പതുകളിലെ ഹംഗറി മുതൽ ഈ നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടിലെ സ്പെയിൻ വരെ അങ്ങനെയൊരു കളിക്കൂട്ടമാണ്. ആരാധകരെ ആനന്ദത്തിൽ ആറാടിച്ചെങ്കിലും ഫെറങ്ക് പുസ്കാസിന്റെ ഹംഗറി വലിയ നേട്ടങ്ങളൊന്നും കൈവരിച്ചില്ല. എന്നാൽ, ചാവിയുടെയും ഇനിയസ്റ്റയുടെയും നേതൃത്വത്തിലുള്ള സ്പാനിഷ് ടീം രണ്ടു യൂറോകപ്പും ഒരു ലോകകപ്പും നേടിയെടുത്തു. സുവർണ തലമുറ എന്ന ചാപ്പയുടെ ഇരു ധ്രുവങ്ങളെ വ്യക്തമാക്കുന്ന ഉദാഹരണംതന്നെയിത്. ചിലർ പ്രതീക്ഷയുണർത്തി പൊലിഞ്ഞുവീഴും, ചിലർ പൂത്തുലയും!

ഏതാണ് സമീപകാല ലോക ഫുട്ബാളിലെ ഗോൾഡൻ ജനറേഷൻ? 2022 ലോകകപ്പ് വരെ അതിനുള്ള ഉത്തരം ബെൽജിയം എന്നായിരുന്നു. തിബോ കോർട്ടോയും വിൻസന്റ് കോംപനിയും കെവിൻ ഡിബ്രൂയിനും ഈഡൻ ഹസാഡും റൊമേലു ലുക്കാക്കുവും ചേർന്ന സംഘം ഏതു പൊസിഷനിലും ലോകോത്തര കളിക്കാർ ചേർന്നതായിരുന്നു. എന്നാൽ, 2018 ലോകകപ്പിലെ മൂന്നാം സ്ഥാനത്തിലൊതുങ്ങി അവരുടെ ഏറ്റവും മികച്ച നേട്ടം. 2022 ലോകകപ്പിൽ ഗ്രൂപ് ഘട്ടത്തിലേ പുറത്തായതോടെ ഫുട്ബാൾ ആരാധകർ ഉറ്റുനോക്കിയിരുന്ന ആ ജ്വാല അണഞ്ഞുപോയി. ഇത്രയും മികച്ച കളിക്കാരെ കിട്ടിയിട്ടും ഒന്നും നേടാനാവാത്തതിന്റെ പഴിയോടെ കോച്ച് റോബർട്ടോ മാർട്ടിനസും പടിയിറങ്ങി.ആശ്ചര്യമെന്നു തോന്നാം ഈ ലോകകപ്പിലെ ഗോൾഡൻ ടീമുകളിലൊന്നിനെത്തന്നെയാണ് അതിനു ശേഷവും 52കാരൻ മാർട്ടിനസിനു കിട്ടിയത്- പോർചുഗൽ!

41കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന, 23കാരൻ നുനോ മെൻ‍ഡസ് പ്രതിരോധം കാക്കുന്ന പോർചുഗൽ ഒന്നിച്ചു കളിച്ചു വളർന്ന ഒരു സുവർണ തലമുറ അല്ല എന്നു പറയാം. പക്ഷേ, ഓരോ പൊസിഷനിലും മികച്ച താരങ്ങളുമായി, ഇത്ര സന്തുലിതമായി ലോകകപ്പിനു വരുന്ന അധികം ടീമുകളില്ല. മുന്നേറ്റത്തിൽ ക്രിസ്റ്റ്യാനോയും ഗോൺസാലോ റാമോസും റാഫേൽ ലിയാവോയും പെഡ്രോ നെറ്റോയും. മിഡ്ഫീൽഡിൽ ബ്രൂണോ ഫെർണാണ്ടസും വിറ്റീഞ്ഞയും ജോവാ നെവസും ബെർണാഡോ സിൽവയും. പ്രതിരോധത്തിൽ നുനോ മെൻഡസും റൂബൻ ഡയസും. ഗോൾകീപ്പറായി ഡിയോഗോ കോസ്റ്റ. ബെൽജിയത്തെപ്പോലെ കിരീടങ്ങൾ അന്യംനിന്ന ഒരു ടീമുമല്ല പോർചുഗൽ. യൂറോ കപ്പ് ഒരു തവണയും യുവേഫ നേഷൻസ് ലീഗ് രണ്ടു തവണയും കഴിഞ്ഞ 10 വർഷത്തിനിടെ അവർ നേടിയിട്ടുണ്ട്. അക്ഷരാർഥത്തിൽ ഏതു പരിശീലകന്റെയും കിനാവിലെ കനൽക്കൂട്ടം. ബെൽജിയം ടീമിനൊപ്പം നേടാനാവാതെപോയത് മാർട്ടിനസിന് ഈ കളിക്കാർക്കൊപ്പവും സാധിച്ചില്ലെങ്കിൽ തന്റെ മറ്റു പഠനമേഖലകളായ ഫിസിയോതെറപ്പിയിലേക്കോ ബിസിനസ് മാനേജ്മെന്റിലേക്കോ മടങ്ങാം.

കോച്ച് എന്ന നിലയിൽ മാർട്ടിനസ് അപൂർവമായ ക്ഷാമം അനുഭവിക്കുന്നത് ഒരു പൊസിഷനിലാണ്- സെന്റർ ഡിഫൻസിൽ റൂബൻ ഡയസിന് ആര് കൂട്ടാകും എന്നതിൽ. സ്പോർട്ടിങ് താരം ഗോൺസാലോ ഇനാസിയോയിലാണ് മാർട്ടിനസ് അവസാനം വിശ്വാസമർപ്പിച്ചിരിക്കുന്നത്. അപാര ഫോമിൽ കളിക്കുന്ന ലെഫ്റ്റ് ബാക്ക് മെൻഡസിന്റെ സാന്നിധ്യത്തിലൂടെ പ്രതിരോധത്തിലെ ആശങ്ക മറികടക്കാം എന്നു മാർട്ടിനസ് കണക്കുകൂട്ടുന്നുണ്ടാകും. മാർട്ടിനസ് ധാരാളിത്തം ആസ്വദിക്കുന്നത് മധ്യനിരയിലാണ്. ബ്രൂണോ ഫെർണാണ്ടസും വിറ്റീഞ്ഞയും ജോവാ നെവസും സൃഷ്ടി-സ്ഥിതി-സംഹാരം ഒത്തുചേരുന്ന മിഡ്ഫീൽഡ് ത്രയമാണ്. ബെർണാഡോ സിൽവ, റൂബൻ നെവസ്, മത്തേയൂസ് ന്യുനെസ്, സാമു കോസ്റ്റ…പകരം നിൽക്കാനാവുന്നവർ പിന്നെയുമുണ്ട്. നമ്പർ 10 ആയും ഫോൾസ് നയൻ ആയും കളിപ്പിക്കാവുന്ന ജാവോ ഫെലിക്സ് രഹസ്യായുധമായേക്കാം.

മാനേജർ എന്ന നിലയിൽ മാർട്ടിനസിന്റെ വൈദഗ്ധ്യം പ്രകടമാവുക ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാനേജ് ചെയ്യുന്ന കാര്യത്തിലാകും. ഫെർണാണ്ടോ സാന്റോസിൽനിന്ന് കോച്ചിങ് ചുമതല ഏറ്റെടുത്ത ശേഷം മാർട്ടിനസ് പരാതികളില്ലാതെ അതു സാധിച്ചിട്ടുണ്ട്. തനിക്കു തിരിച്ചുകിട്ടിയ നിലയും വിലയും ക്രിസ്റ്റ്യാനോയുടെ കളിയിലും പ്രകടമായി. കഴിഞ്ഞ 30 കളികളി‍ൽ 25 ഗോളുകളാണ് ക്രിസ്റ്റ്യാനോ ടീമിനായി നേടിയത്. പൂർണസമയം കളിപ്പിച്ച് ശാരീരികശേഷി ചോർത്തുന്നതിനും ബെഞ്ചിലിരുത്തി ആത്മവീര്യം പരീക്ഷിക്കുന്നതിനും പകരം, ക്രിസ്റ്റ്യാനോയെ സ്റ്റാർട്ടിങ് ഇലവനിൽ ഇറക്കി അവസാനം പിൻവലിക്കുന്ന രീതിയാണ് മാർട്ടിനസ് പിന്തുടരുന്നത്. നേഷൻസ് ലീഗ് സെമിയിലും ഫൈനലിലും അതു വിജയകരമായിരുന്നു. ജർമനിക്കെതിരെയും സ്പെയിനിനെതിരെയും ഗോളടിച്ചതിനു ശേഷമാണ് മാർട്ടിനസ് ക്രിസ്റ്റ്യാനോയെ സബ് ചെയ്തത്. ഫൈനൽ എക്സ്ട്രാ ടൈമിലേക്കു നീളുകയും ചെയ്തു. അൽ നസ്റിനൊപ്പം സൗദി പ്രോ ലീഗ് കിരീടം നേടിയതിന്റെ അത്യാവേശത്തിലാണ് ക്രിസ്റ്റ്യാനോ ലോകകപ്പിനു വരുന്നതും.

ലയണൽ മെസ്സിക്കു വേണ്ടി ഒരു ലോകകപ്പ് എന്നതായിരുന്നു കഴിഞ്ഞ ലോകകപ്പിൽ അർജന്റീന ടീമിന്റെ ഊർജവാക്യം.അങ്ങനെയൊരു കെമിസ്ട്രി പോർചുഗൽ താരങ്ങൾക്കിടയിൽ ഇല്ല എന്നതാണ് മാർട്ടിനസിനു മുന്നിലുള്ള വെല്ലുവിളി. എല്ലാവരും ലോകോത്തര താരങ്ങളായതിനാൽ ഒരു ചരടുപൊട്ടലിനുള്ള സാധ്യത എല്ലായ്പോഴും ശേഷിക്കുന്നുണ്ട്. പക്ഷേ, ഒരു ഏകവൈകാരികത ടീമിലേക്കു കൊണ്ടുവരാൻ മാർട്ടിനസിനു മുന്നിലുള്ള മാർഗം ഈ ടീമിൽ ഇല്ലാതെപോയ ഒരാളാണ്- ഡിയാഗോ ജോട്ട! കഴിഞ്ഞ വർഷം കാറപകടത്തിൽ മരണമടഞ്ഞ ലിവർപൂൾ താരത്തിന്റെ ഓർമകൾ മനസ്സിലിട്ടുകൊണ്ടാണ് പോർചുഗൽ ലോകകപ്പിനു വരുന്നത്. ടീം പ്രഖ്യാപനച്ചടങ്ങിൽ മാർട്ടിനസ് ജോട്ട ടീമിനൊപ്പമുള്ള എക്സ്ട്രാ പ്ലെയർ ആണെന്നു പറയുകയും ചെയ്തു. ജോട്ടക്കായി ഒരു ജയം എന്നതിലേക്കുകൂടി അതിനെ പരിവർത്തനപ്പെടുത്താൻ കഴിഞ്ഞാൽ പോർചുഗലിന് ഈ ലോകകപ്പ് നേടാനുള്ള ഇമോഷനൽ ഇന്ധനവും കൂടിയായി.