‘അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ല, തെളിയിച്ചാൽ തന്നെ കല്ലെറിഞ്ഞ് കൊല്ലാം’: മനാഫ്
കോഴിക്കോട്: അർജുന്റെ പേരിൽ പണം പിരിച്ചുവെന്ന കുടുംബത്തിന്റെ ആരോപണം തള്ളി ലോറി ഉടമ മനാഫ്. അർജുന്റെ പേരിൽ പണം പിരിച്ചിട്ടില്ലെന്നും കുടുംബം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ കാര്യമായെടുക്കുന്നില്ലെന്നും മനാഫ് പറഞ്ഞു. ഫണ്ട് പിരിച്ചതായി തെളിയിച്ചാൽ തന്നെ കല്ലെറിഞ്ഞ് കൊല്ലാമെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഫോൺ എടുത്തില്ല എന്ന് പറയുന്ന ആരോപണം തെറ്റാണ്. ആരുടേയും ഫോൺ താനെടുക്കാതിരുന്നിട്ടില്ല. ആരോപണം ഉയർത്തുന്നതിനു പിന്നിൽ ചില ആളുകളാണ്. തനിക്ക് കർണാടകയിൽ കുറേ ശത്രുക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോറിക്ക് അർജ്ജുൻ എന്ന് പേരിടുമെന്നും അതിൽ മാറ്റമില്ലെന്നും മനാഫ് പറഞ്ഞു.
അർജുന്റെ പേരിൽ മനാഫ് പണം പിരിച്ചുവെന്നും കുടുംബത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചിരുന്നു. കൂടാതെ സ്വന്തം യൂടൂബ് ചാനലിലൂടെ തിരച്ചിലിന്റെ വിവരങ്ങളെല്ലാം മനാഫ് സംപ്രേഷണം ചെയ്തുവെന്നും ജനശ്രദ്ധ പിടിച്ചു പറ്റാനാണ് മനാഫ് ശ്രമിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു.