ദ്രാവിഡിന്റെ പിൻഗാമിയായി ഗംഭീർ; ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകൻ

Dravid

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ ബി.സി.സി.ഐ നിയമിച്ചു. ട്വന്റി 20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞതോടെയാണ് മുൻ ഇന്ത്യൻ താരം കൂടിയായ 42 കാരൻ പരിശീലക സ്ഥാനത്തേക്കെത്തിയത്. കഴിഞ്ഞ ഐ.പി.എൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായും പ്രവർത്തിച്ചിരുന്നു. ബി.സി.സി.ഐ സെക്രട്ടറി ജയ്ഷായാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നേരത്തെ ഗംഭീറുമായി ബി.സി.സി.ഐ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങൾ അഭിമുഖം നടത്തിയിരുന്നു. മൂന്നര വർഷത്തേക്കാണ് നിയമനം..Dravid

പരിശീലക റോളിൽ മുൻ പരിചയമില്ലെങ്കിലും ഐ.പി.എല്ലിൽ വിവിധ ടീമുകളുടെ മെന്ററായി ഗംഭീർ മികവ് തെളിയിച്ചിരുന്നു. കോച്ചായി എത്തുമെന്ന് നേരത്തെതന്നെ സൂചനയുണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. സ്ഥാനമേൽക്കുന്നതിന് മുൻപായി ബി.സി.സി.ഐക്ക് മുന്നിൽ മുൻ ഇന്ത്യൻ താരം ഏതാനും നിബന്ധനകൾ മുന്നോട്ട് വെച്ചിരുന്നു. ഇത് അംഗീകരിച്ചതോടെയാണ് നിയമനകാര്യത്തിൽ തീരുമാനമായത്.

ഗംഭീറിനെ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ജയ്ഷാ സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കി. കരിയറിലുടനീളം വ്യത്യസ്ത റോളുകൾ കൈകാര്യം ചെയ്ത ഗംഭീറിന്റെ വരവ് ഇന്ത്യൻ ക്രിക്കറ്റിന് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനമായിരിക്കും ഗംഭീറിന് മുന്നിലുള്ള ആദ്യ പര്യടനം.

Leave a Reply

Your email address will not be published. Required fields are marked *