റെയില്‍വേ പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍; രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ

Gas cylinder

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. റെയിൽവേ ട്രാക്കിൽ പാചക വാതക സിലിണ്ടര്‍ കണ്ടെത്തി. അഞ്ച് ലിറ്ററിന്റെ ഒഴിഞ്ഞ സിലിണ്ടറാണ് നോർത്ത് സെൻട്രൽ റെയിൽവേ സോണിന്റെ ഭാഗമായ കാൺപൂർ റെയിൽവേ സ്റ്റേഷനടുത്തുനിന്നും കണ്ടെത്തിയത്. രാവിലെ 5.50 നാണ് പാളത്തിൽ സിലിണ്ടർ കണ്ടെത്തിയത്. ലോക്കോ പൈലറ്റുമാരായ ദേവ് ആനന്ദ് ഗുപ്ത, സി.ബി സിങ് എന്നിവരുടെ സമയോജിത ഇടപെടലിലൂടെ ട്രെയിൻ എമർജൻസി ബ്രേക്കിലൂടെ നിർത്തി. തുടർന്ന് റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഒഴിഞ്ഞ സിലിണ്ടറാണെന്ന് സ്ഥിരീകരിച്ചത്. സിഗ്നലിൽ നിന്നും 30 മീറ്റർ മാറിയായിരുന്നു സിലിണ്ടർ വെച്ചിരുന്നത്. ഹോസ്റ്റലുകളിലും ചെറിയ പാചകങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന ചെറിയ സിലിണ്ടറായിരുന്നു ഇതെന്നും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.Gas cylinder

രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് റെയിൽവേ പാളത്തിൽ പാചക വാതക സിലിണ്ടർ കണ്ടെത്തുന്നത്. ഈ മാസം എട്ടിന് പാചകവാതക സിലിണ്ടർ ഉപയോഗിച്ച് ഭിവാനി- കാളിന്ദി എക്‌സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമം നടന്നിരുന്നു. അതിവേഗത്തിലെത്തിയ ട്രെയിൻ സിലിണ്ടർ ഇടിച്ചു തെറിപ്പിച്ചുവെങ്കിലും അപകടമുണ്ടാകാതെ രക്ഷപ്പെടുകയായിരുന്നു. സിലിണ്ടറിന് പുറമെ പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും പാളത്തിൽ നിന്ന് കണ്ടെത്തിയിരുന്നു.

ആഗസ്റ്റ് 17ന് കാൺപൂരിൽ വെച്ച് ട്രെയിനിന്‍റെ എൻജിൻ വസ്തുവിൽ തട്ടിയതിനു പിന്നാലെ വാരണാസി-അഹമ്മദാബാദ് സബർമതി എക്‌സ്പ്രസിന്റെ 22 കോച്ചുകൾ പാളം തെറ്റിയിരുന്നു. കഴിഞ്ഞ ആഴ്ച രുദ്രപൂർ സിറ്റിയിലെ റെയിൽവേ ട്രാക്കിൽ ഇരുമ്പ് ദണ്ഡ് കണ്ടെത്തിയ സംഭവത്തിലും അട്ടിമറി ശ്രമമായിരിക്കാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *