ബംഗ്ലാദേശിൽ രണ്ട് വർഷത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പ്; പ്രഖ്യാപനവുമായി മുഹമ്മദ് യൂനുസ്
ധാക്ക: ബംഗ്ലാദേശിൽ രണ്ട് വർഷത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ച് ഇടക്കാല സർക്കർ തലവനും നൊബേല്‍ ജേതാവുമായ മുഹമ്മദ് യൂനുസ്. 2025ന്റെ അവസാനമോ 2026ന്റെ ആദ്യ പകുതിയിലോ തെരഞ്ഞെടുപ്പ് നടക്കുമെന്ന് യൂനുസ് പറഞ്ഞു. സ്റ്റേറ്റ് ടെലിവിഷനിലൂടെയായിരുന്നു പ്രഖ്യാപനം. Muhammad Yunus
കഴിഞ്ഞ ഓഗസ്റ്റിലാണ് വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ശൈഖ് ഹസീന സർക്കാർ രാജിവച്ചത്. തുടർന്നാണ് ഇടക്കാല സർക്കാരിന്റെ തലവനായി മുഹമ്മദ് യൂനുസ് അധികാരമേറ്റത്. അധികാരമേറ്റെടുത്തത് മുതൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ യൂനുസിനുമേൽ സമ്മർദമുണ്ടായിരുന്നു. ‘ചീഫ് അഡ്വൈസർ’ എന്ന പദവിയാണ് അദ്ദേഹം വഹിക്കുന്നത്. 170 ദശലക്ഷം ജനങ്ങളുള്ള ബംഗ്ലാദേശിൽ വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് യൂനുസ് താൽക്കാലിക ഭരണകൂടത്തെ നയിക്കുന്നത്.
തെരഞ്ഞെടുപ്പ് രീതികളിലുൾപ്പെടെ പരിഷ്കാരങ്ങൾ വരുത്താൻ യൂനുസ് കമ്മീഷനെ നിയോഗിച്ചു. ‘പിഴവുകളില്ലാത്ത വോട്ടർ പട്ടികയുൾപ്പെടെയുള്ള പ്രധാന പരിഷ്കാരങ്ങൾ മാത്രം വരുത്തിയ ശേഷം, തെരഞ്ഞെടുപ്പ് നടത്താൻ രാഷ്ട്രീയ പാർട്ടികൾ സമ്മതിച്ചാൽ 2025 നവംബറിൽ വോട്ടെടുപ്പ് നടത്താനാകും. മുഴുവൻ പരിഷ്കാരങ്ങൾ നടത്തിയതിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുകയുള്ളു എന്നാണ് പാർട്ടികളുടെ തീരുമാനമെങ്കിൽ വീണ്ടും ആറുമാസം കൂടി കാത്തിരിക്കേണ്ടി വരും’ എന്ന് യൂനുസ് പറഞ്ഞു.
വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാർ അതിക്രമിച്ചുകയറിയതോടെയാണ് എഴുപത്തിയേഴുകാരിയായ ഹസീന ഹെലികോപ്റ്ററിൽ അയൽരാജ്യമായ ഇന്ത്യയിലേക്ക് പലായനം ചെയ്‌തത്. മുഹമ്മദ് യൂനുസ് വംശഹത്യ നടത്തുകയാണെന്നും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഹസീന അടുത്തിടെ ആരോപിച്ചിരുന്നു.