മോഷ്ടിച്ച സ്വർണമാല വിഴുങ്ങിയ കേസിൽ വീണ്ടും ട്വിസ്റ്റ്; പുറത്തുവന്ന മാല കാണാനില്ല



കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്ന് സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ കേസിൽ വീണ്ടും വഴിത്തിരിവ്. വയറിളക്കി മാല വീണ്ടെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന യുവതി, പുറത്തുവന്ന മാല ആശുപത്രിയിലെ ശൗചാലയത്തിൽ ഒഴുക്കിക്കളഞ്ഞതായി പൊലീസ്. പാലേമാട് കല്ലൻകുന്നൻ സമീന (35)യാണ് തൊണ്ടിമുതൽ ശുചിമുറിയിൽ ഒഴുക്കിക്കളഞ്ഞത്.

നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ക്ലിനിക്കിൽ ഡോക്ടറെ കാണാനെത്തിയ കുട്ടിയുടെ കഴുത്തിലെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ പ്രതിയെ വ്യാഴാഴ്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്.

‘ശനിയാഴ്ച അർധരാത്രിയോടെ ആശുപത്രി ശുചിമുറിയിൽ വിസർജ്യത്തിലൂടെ മാല പുറത്തുവന്നു. പ്രതിക്ക് കാവൽ നിന്ന രണ്ട് വനിതാ സി.പി.ഒമാർക്ക് നേരെ വിസർജ്യം എറിയുമെന്ന് ഭീഷണിപ്പെടുത്തി അകറ്റിയ ശേഷം സ്വർണമാലയും ഡയപ്പറുമടക്കം സമീന ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നെന്ന്’ പൊലീസ് പറഞ്ഞു. തെളിവ് നശിപ്പിക്കിക്കാനായാണ് പ്രതി ഇങ്ങനെ ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

മോഷണ കുറ്റം കൂടാതെ തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് സമീനയെ നിലമ്പൂരിലേക്ക് കൊണ്ടുവന്നു. ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സമീനയുടെ വയറ്റിൽ എക്സറെയിലൂടെ നേരത്തെ ഒരു സ്വർണക്കമ്മൽകൂടി പൊലീസ് കണ്ടെത്തിയിരുന്നു.