‘സര്‍ക്കാര്‍ നാടിനായി പ്രവര്‍ത്തിക്കുന്നു, നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് എതിര്‍പ്പുണ്ടാകാം, അവരെ ഗൗനിക്കുന്നില്ല’; അന്‍വറിന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം
വെളിപ്പെടുത്തലുകള്‍ക്കും വിവാദങ്ങള്‍ക്കുമിടെ പി വി അന്‍വറിന് പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ ചിലരെ വല്ലാതെ പൊക്കിക്കാണിക്കുന്ന അവസ്ഥ ഈയടുത്തുണ്ടായെന്നും ഇതിനൊക്കെ ആയുസ് തീരെ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നാടിന്റെ താത്പര്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ പ്രത്യേക താത്പര്യക്കാര്‍ ഉണ്ടാകാം. അവരെ ഗൗനിക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശൂരിലെ പൊതുപരിപാടിക്കിടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍.criticism
മാധ്യമങ്ങളെ അതിരൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. മറ്റുള്ള നാട്ടിലെ മാധ്യമങ്ങള്‍ ആ നാട്ടിലെ താല്‍പര്യത്തിനു വേണ്ടി നില്‍ക്കുന്നു. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ അങ്ങനെയാണോ നിലനില്‍ക്കുന്നതെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു. എല്‍ഡിഎഫിന് എങ്ങനെയെങ്കിലും തകര്‍ക്കാം എന്നുള്ളതാണ് കേരളത്തിലെ മാധ്യമങ്ങള്‍ ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ചിലരെ പൊക്കിക്കാണിക്കുന്ന അവസ്ഥ ഈയടുത്തായി ഉണ്ടാകുന്നുണ്ടെന്നും ഇതെല്ലാം എത്രകാലമാണ് നിലനില്‍ക്കുകയെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊക്കെ ആയുസ് കുറവാണെന്ന് ചില മാധ്യമങ്ങള്‍ മറന്നുപോകുന്നു. സിപിഐഎം സിപിഐഎമ്മിന്റെതായ മാര്‍ഗത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. അത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകാന്‍ പോകുന്നില്ല. എല്‍ഡിഎഫിനും അതേ കാഴ്ചപ്പാട് തന്നെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.