‘കാനഡയുടെ ഗവർണർ’: ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ്

Trump

വാഷിംഗ്‌ടൺ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ജസ്റ്റിൻ ട്രൂഡോയെ ‘കാനഡ ഗവർണർ’ എന്ന് വിശേഷിപ്പിച്ചാണ് ട്രംപിന്റെ പരിഹാസം. കഴിഞ്ഞ ദിവസം ട്രംപിനെ ട്രൂഡോ സന്ദർശിക്കുകയും, ഇരുവരും ഒരുമിച്ച് അത്താഴം കഴിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ട്രംപിന്റെ പരാമർശം.Trump

‘കഴിഞ്ഞ ദിവസം ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് കാനഡയുടെ ഗവർണർ ജസ്റ്റിൻ ട്രൂഡോയ്‌ക്കൊപ്പം അത്താഴം കഴിച്ചത് സന്തോഷകരമായിരുന്നു. താരിഫുകളും വ്യാപാരവും സംബന്ധിച്ച ആഴത്തിലുള്ള ചർച്ചകൾ തുടരാൻ ഗവർണറെ ഉടൻ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന്റെ ഫലങ്ങൾ എല്ലാവരെയും അതിശയിപ്പിക്കുന്നതായിരിക്കും!’ കനേഡിയൻ പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് പറഞ്ഞു.

കാനഡയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെയും നിരോധിത മയക്കുമരുന്നുകളുടെയും ഒഴുക്ക് തടയുന്നതിൽ ട്രൂഡോ സർക്കാർ പരാജയപ്പെട്ടാൽ 25 ശതമാനം താരിഫ് ചുമത്തുമെന്ന് അടുത്തിടെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് ട്രംപിനെ കാണാൻ ട്രൂഡോ എത്തിയത്.

അത്താഴ വേളയിൽ, ഇത്തരമൊരു താരിഫ് ഏർപ്പെടുത്തിയാൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥ തകരുമെന്ന് ട്രൂഡോ പറഞ്ഞപ്പോൾ, കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാൻ ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. പിന്നീട് എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ഇക്കാര്യം ആവർത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *