ഗൾഫ് കപ്പ് നാളെ മുതൽ കുവൈത്തിൽ
കുവൈത്ത് സിറ്റി: 26ാമത് അറേബ്യൻ ഗൾഫ് കപ്പ് (ഖലീജി സെയിൻ 26) നാളെ മുതൽ കുവൈത്തിൽ. 2024 ഡിസംബർ 21 മുതൽ 2025 ജനുവരി മൂന്ന് വരെയാണ് ടൂർണമെന്റ്. ടൂർണമെന്റിൽ 10 കിരീടങ്ങളുടെ പെരുമയുമായാണ് ആതിഥേയരായ കുവൈത്ത് വീണ്ടും കളത്തിലിറങ്ങുന്നത്. 2010 ൽ യെമനിൽ നടന്ന 20-ാമത് ഗൾഫ് കപ്പിൽ സൗദി അറേബ്യയെ 1-0 ന് തോൽപ്പിച്ചാണ് കുവൈത്ത് അവസാനമായി ജേതാക്കളായത്. ചാമ്പ്യൻഷിപ്പ് വീണ്ടും തിരിച്ചുപിടിക്കാനുള്ള അവസരമാണ് സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിലൂടെ കൈവരുന്നത്.Gulf Cup
1970-ൽ ബഹ്റൈനിൽ നടന്ന ആദ്യ ഗൾഫ് കപ്പിലാണ് ടൂർണമെന്റിലെ കുവൈത്തിന്റെ ആധിപത്യം ആരംഭിച്ചത്. ആതിഥേയരായ ബഹ്‌റൈനെ വീഴ്ത്തി ജേതാക്കളായി. 1976 വരെ തുടർച്ചയായി നാല് കിരീടങ്ങൾ നേടി ടീം. മറ്റൊരു ഗൾഫ് രാജ്യത്തിനുമില്ലാത്ത റെക്കോർഡാണിത്. 1970ന് പുറമേ 1972, 1974, 1976 എന്നീ വർഷങ്ങളിലാണ് കുവൈത്ത് ജേതാക്കളായത്.
ടൂർണമെന്റിന്റെ 6, 8, 10, 13, 14, 20 എഡിഷനുകളിലും കുവൈത്ത് ജേതാക്കളായി. കുവൈത്ത് ഫുട്‌ബോൾ ഇതിഹാസം ജാസിം യാക്കൂബ് 18 ഗോളുകളുമായി ഗൾഫ് കപ്പിലെ എക്കാലത്തെയും മികച്ച സ്‌കോററായി തുടരുകയാണ്. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഗൾഫ് കപ്പിൽ തുടക്കത്തിൽ ബഹ്റൈൻ, ഖത്തർ, കുവൈത്ത്, സൗദി അറേബ്യ എന്നീ നാല് രാജ്യങ്ങൾ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഒമാൻ, യുഎഇ, ഇറാഖ്, യെമൻ എന്നിവയെ ഉൾപ്പെടുത്തി വിപുലീകരിച്ചു. ഇപ്പോൾ എട്ട് മത്സര ടീമുകളാണുള്ളത്.
‘ഗൾഫ് സെയ്ൻ 26’ -ഗൾഫ് കപ്പിന്റെ ടിക്കറ്റുകൾ ഹയാകോം ആപ്പ് വഴി മാത്രമേ ബുക്കിംഗിന് ലഭ്യമാകൂവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 21ന് കുവൈത്ത് അർദിയ ജാബിർ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾക്ക് തുടക്കമാകുക. വൈകീട്ട് ഏഴിനാണ് ഉദ്ഘാടന ചടങ്ങ്. തുടർന്ന് ആദ്യ മത്സരത്തിൽ രാത്രി എട്ടിന് ആതിഥേയരായ കുവൈത്ത് ഒമാനെ നേരിടും. 60,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയം ഉദ്ഘാടന മത്സരത്തിന് പൂർണ സജ്ജമായിട്ടുണ്ട്.
രണ്ടാം മത്സരത്തിൽ രാത്രി 10ന് സുലൈബിക്കാത്ത് ജാബിർ മുബാറക് സ്റ്റേഡിയത്തിൽ ഖത്തറും യു.എ.ഇയും എറ്റുമുട്ടും. ഇത് അഞ്ചാം തവണയാണ് കുവൈത്ത് ഗൾഫ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. കുവൈത്ത്, ബഹ്‌റൈൻ, ഇറാഖ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, യമൻ എന്നിവയാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങൾ.