ഗ്യാൻവാപി മസ്ജിദിന്റെ പേര് ക്ഷേത്രമാക്കി മാറ്റി ഹിന്ദുത്വ സംഘടനകൾ; സ്റ്റിക്കർ ഒട്ടിച്ചു
ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വാരണാസി ജില്ല കോടതി അനുമതി നൽകിയതിന് പിന്നാലെ മസ്ജിദിന്റെ പേര് മറച്ച് ഹിന്ദുത്വ സംഘടനകൾ. മസ്ജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിൽ ഗ്യാൻവാപി ക്ഷേത്രം എന്നാക്കി മാറ്റി സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാശി വിശ്വനാഥ ക്ഷേത്രം, ഗ്യാൻവാപി മസ്ജിദ് എന്നിങ്ങനെയായിരുന്നു സൂചനാ ബോർഡിൽ രേഖപ്പെടുത്തിയിരുന്നത്. ഇതിൽ മസ്ജിദ് എന്ന ഭാഗത്ത് ക്ഷേത്രം എന്നുള്ള സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നു.
ഹിന്ദുത്വ സംഘടനകളുടെ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സ്റ്റിക്കർ നീക്കാൻ നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്.
Also Read : ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി
കോടതി വിധിയുടെ പശ്ചാത്തലത്തിൽ മസ്ജിദിന് മുന്നിൽ ഉത്തർ പ്രദേശ് പൊലീസ് സുരക്ഷ വർധിപ്പിച്ചു. പൂജക്കുള്ള സൗകര്യമൊരുക്കി നൽകാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ഏഴ് ദിവസത്തിനുള്ളിൽ പൂജ നടത്താനുള്ള ക്രമീകരണം ഒരുക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന് കോടതി നിർദേശം നൽകിയത്. പൂജയ്ക്ക് അനുമതി തേടി വ്യാസ് കുടുംബാംഗമാണ് കോടതിയെ സമീപിച്ചത്.
ഗ്യാൻവാപി മസ്ജിദ് താഴെ നാല് നിലവറകളാണുള്ളത്. ഇതിൽ ഒരെണ്ണം വ്യാസ് കുടുംബത്തിൻ്റെ അധീനതയിലാണെന്നും പരമ്പരാഗതമായി ഇവിടെ പൂജ നടന്ന് വരുന്നിരുന്നുവെന്നും ചൂണ്ടിക്കാട്ടി വ്യാസ് കുടുംബാംഗമാണ് കോടതിയെ സമീപിച്ചത്.qygtg