തെൽഅവീവിൽ ഹമാസ് റോക്കറ്റ് വർഷം; ആക്രമണം ഒക്ടോബര്‍ 7 ആക്രമണത്തിന്‍റെ വാര്‍ഷികദിനത്തില്‍
തെൽഅവീവ്: ഇസ്രായേൽ നഗരമായ തെൽഅവീവിൽ ഹമാസിന്റെ റോക്കറ്റാക്രമണം. സായുധസേനയായ അൽഖസ്സാം ബ്രിഗേഡ് ആണ് ഗസ്സയിയിൽനിന്ന് റോക്കറ്റ് അയച്ചത്. ഒക്ടോബർ ഏഴ് ആക്രമണത്തിന്റെ വാർഷികദിനത്തിലാണ് ഇസ്രായേൽ നഗരങ്ങൾ ലക്ഷ്യമാക്കി ഹമാസ് വ്യോമാക്രമണം.
ഇന്നു രാവിലെയാണ് ഗസ്സ മുനമ്പിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടതിനു പിന്നാലെയായിരുന്നു തിരിച്ചടി. ആക്രമണത്തിനു പിന്നാലെ തെൽഅവീവിലെ സിവിലിയന്മാർ ബോംബ് ഷെൽറ്ററിൽ അഭയം തേടിയിരിക്കുകയാണെന്ന് ‘വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ നഗരങ്ങളിൽ ഒക്ടോബർ ഏഴ് ആക്രമണത്തിന്റെ വാർഷിക ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത റോക്കറ്റ് വർഷം. തെൽഅവീവിലെ വാണിജ്യകേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് ഹമാസ് വാർത്താകുറിപ്പിൽ അറിയിച്ചു. സെൻട്രൽ ഇസ്രായേലിൽ അഞ്ച് റോക്കറ്റുകൾ പതിച്ചതായി ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.