ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു, പൊലീസുമായി സംഘർഷം



കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ, വിവിധ ദലിത് സംഘടനകളും നിതിൻ രാജ് ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനവ്യാപകമായി വാഹനങ്ങൾ തടഞ്ഞു. ആദ്യമണിക്കൂറുകളിൽ തിരുവനന്തപുരം തമ്പാനൂർ, നെടുമങ്ങാട്, കഴക്കൂട്ടം, കണിയാപുരം, കണ്ണൂർ, കോഴിക്കോട്, ജില്ലയുടെ വിവിധ ഭാഗങ്ങൾ, കൊല്ലം, തൊടുപുഴ എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകളും കാറുകളടക്കമുള്ള വാഹനങ്ങളും തടഞ്ഞു. കെ.എസ്.ആർ.ടി.സി ഡിപ്പോകൾ കേന്ദ്രീകരിച്ച് ഹർത്താൽ അനുകൂലികൾ പ്രതിഷേധിച്ചു. ചിലയിടത്ത് പൊലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിട്ടു. ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, ഉത്തരവാദികളുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ. നഷ്ടപരിഹാരമായി കുടുംബത്തിന് 10 കോടി രൂപ നൽകുക, കോളജിന്റെ അംഗീകാരം റദ്ദാക്കുക, വിദ്യാലയങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ നിയമം നടപ്പാക്കുക എന്നതാണ് സംഘടനകളുടെ ആവശ്യം.

ഹര്‍ത്താലിനെ തുടര്‍ന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ഗതാഗതക്കുരുക്കുണ്ടായത്. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെയാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻജിനീയറിങ് എൻട്രസ് പരീക്ഷ എഴുതേണ്ട വിദ്യാർഥികളും ആശുപത്രികളിലേക്ക് പോകുന്നവരും ഗതാഗതക്കുരുക്കിൽ കുടുങ്ങി. വാഹനം തടഞ്ഞതിനെതുടര്‍ന്ന് പരീക്ഷക്ക് എത്താനാക്കാതെ നിരവധി വിദ്യാർഥികളാണ് പ്രതിസന്ധിയിലായത്.

റോഡിൽനിന്ന് പ്രതിഷേധക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെ കണിയാപുരത്ത് സംഘര്‍ഷമുണ്ടായി. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് മുന്നിൽ പൊലീസും സമരക്കാരും തമ്മിൽ തര്‍ക്കമുണ്ടായി. ബസുകൾ കടത്തി വിടാൻ പൊലീസ് ശ്രമിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പള്ളിപ്പുറത്ത് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പള്ളിപ്പുറം സി.ആർ.പി.എഫ് ജങ്ഷനിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സ്ത്രീകളടക്കമുള്ള പ്രവർത്തകർ റോഡിൽ പ്രതിഷേധിച്ചു. അമ്പതോളം കെ.എസ്.ആര്‍.ടി.സി ബസുകൾ ഉൾപ്പെടെ തടഞ്ഞു. മെഡിക്കൽ കോളജിലേക്കും ആർ.സി.സിയിലേക്കും പോകേണ്ട രോഗികൾ പെരുവഴിയിലായി. പള്ളിപ്പുറത്ത് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പയ്യന്നൂരിലും കണ്ണൂര്‍ നഗരത്തിലും ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. കണ്ണൂർ പഴയങ്ങാടിയിൽ വാഹനങ്ങൾ തടഞ്ഞു. കൊല്ലം കുണ്ടറ മുളവനയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.

തൊടുപുഴയിൽ ഹർത്താൽ അനുകൂലുകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്വകാര്യ വാഹനങ്ങളും ബസുകളും തടഞ്ഞു. പെരുമ്പാവൂരിൽ ഹർത്താൽ സാരമായി ബാധിച്ചിട്ടില്ല. സ്വകാര്യ ബസുകൾ പതിവുപോലെ സർവിസ് നടത്തുന്നുണ്ട്. ഗ്രാമീണ മേഖലകളിലേക്കുള്ള ബസുകൾ എല്ലാം ഓടുന്നുണ്ട്. കോഴിക്കോട് ഉള്ളിയേരിയിൽ സമരാനുകൂലികൾ സ്വകാര്യ ബസുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു. ആലപ്പുഴയിൽ ഹര്‍ത്താലിനെതുടര്‍ന്ന് സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നില്ല. കടകൾ, ഹോട്ടലുകൾ പലതും തുറന്നു തുടങ്ങിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഉണ്ട്, ഓട്ടോ ടാക്സി സർവിസ് നടത്തുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയും ആലപ്പുഴയിൽ സര്‍വിസ് നടത്തുന്നുണ്ട്.