വിദ്വേഷ പ്രസംഗം; ജസ്റ്റിസ് എസ്.കെ. യാദവ് സുപ്രിംകോടതി കൊളീജിയത്തിനു മുന്നിൽ ഹാജരായി
ന്യൂഡൽഹി: വിദ്വേഷപ്രസംഗത്തിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ്.കെ യാദവ് സുപ്രിംകോടതി കൊളീജിയത്തിനു മുന്നിൽ ഹാജരായി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുമ്പാകെയാണ് ഹാജരായത്.hate speech
വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് എസ്.കെ യാദവ് വിദ്വേഷ പരാമർശം നടത്തിയത്. ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ഏകസിവിൽകോഡ് നടപ്പിലാക്കുമെന്നും ജഡ്ജി പറഞ്ഞു.
ഏക സിവിൽ കോഡ് സംബന്ധിച്ച പരിപാടിയിലായിരുന്നു ജഡ്ജിയുടെ പരാമർശം. ഇതിന് പിന്നാലെ നിരവധി സംഘടനകൾ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതുകയും രാഷ്ട്രപതിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന്, യാദവിന്‍റെ പ്രസംഗം മാധ്യമ വാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ അലഹബാദ് ഹൈക്കോടതിയോട് സുപ്രിം കോടതി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചത്. ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷ ആവശ്യവും ശക്തമാണ്.